പതിനാലുകാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവം; 12 പോലീസുകാരുടെ തൊപ്പിതെറിച്ചു

പാറ്റ്ന: പച്ചക്കറി വിൽപനക്കാരനായ 14കാരനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തെന്ന പരാതിയിൽ 12 പോലീസുദ്യോഗസ്ഥരെ സസ്പെൻ‌ഡ് ചെയ്തു. ബീഹാറിലെ പാറ്റ്നയിൽ പച്ചക്കറി വിൽപന നടത്തി വന്നിരുന്ന കുട്ടിയെ ബൈക്ക് മോഷണമുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇക്കഴിഞ്ഞ മെയ് 20 ന് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പക്കൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ , കടയിലെത്തിയ പോലീസുകാർക്ക് സൗജന്യമായി പച്ചക്കറി നൽകാൻ മടികാണിച്ചതാണ് കുട്ടിയെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് വ്യക്തമാക്കി ബന്ധുക്കൾ രംഗത്തെത്തി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് പാറ്റ്ന സോൺ ഐജി നയ്യാർ ഹസ്നൈൻ ഖാൻ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

അഗംക്വാൻ പോലീസ് സ്റ്റേഷനിലെയും ബൈപ്പാസ് പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും അഗംക്വാനിലെയും ബൈപ്പാസ് പോലീസ് സ്റ്റേഷനിലെയും രണ്ടും മൂന്നും വീതം എസ്ഐമാരെയും ഉൾപ്പടെയുള്ള 12 പേരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഐജി ഉത്തരവിട്ടിട്ടുണ്ട്.

Related posts