പെരുന്പാവൂർ: ജീവതയാത്രയിൽ ഇടയ്ക്കെപ്പോഴോ ഒറ്റപ്പെട്ടുപോയവരുടെ സമീപത്തിരുന്ന് സങ്കടങ്ങളും പരിദേവനങ്ങളും കേൾക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥർ അവർക്ക് സാന്ത്വനമായി.
പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അഭയഭവനിൽ സാന്ത്വനമായി പോലീസ്’ പരിപാടിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥർ അന്തേവാസികളോടൊപ്പം ഒരു പകൽ ചെലവഴിച്ചത്.
സമനില തെറ്റിയവർ, എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടിവന്നവർ, വാർധക്യത്തിൽ ഒറ്റപ്പെട്ടവർ അങ്ങനെ നൂറുകണക്കിനു പേരാണ് കൂവപ്പടി ബത്ലഹേം അഭയഭവനിലുള്ളത്.
പലർക്കും പോലീസിനോട് പറയാനേറെയുണ്ടായിരുന്നു. കോടനാട് സിഐ അജേഷ് കുമാർ, ഇ.കെ. അബ്ദുൾ ജബ്ബാർ, എം.വി. സനിൽ, സാബു ജോണ്, സിറാജ് ഫരീദ്, എം.ആർ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലേറെ പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.