ശബരിമലയിൽ ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ വേഗത്തിൽ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് സംവിധാനം ഒരുക്കി. സ്വകാര്യ മൊബൈൽ നെറ്റവർക്ക് സേവനദാതാക്കാളുമായി ചേർന്ന് ആർഎഫ്ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാകും കണ്ടെത്തുകയെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.
തീർഥാടകരായി എത്തുന്ന കുട്ടികളുടെ കൈയിൽ പോലീസ് ടാഗ് കെട്ടികൊടും. പന്പയിലുള്ള കണ്ട്രോൾ റൂമിലാണ് ടാഗ് അണിയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിയും.
തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.