ഒരു പേഴ്സ് കാരണം വയ്യാവേലി പിടിച്ച അവസ്ഥയിലാണ് തളിപ്പറമ്പിലെ പോലീസ്. കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥനു തിരികെ നല്‍കിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പോലീസുകാര്‍ പറയുമ്പോള്‍ അടിച്ചുമാറ്റാനുള്ള ശ്രമം പരാജയപ്പെടുത്തിയെന്നാണ് ഉടമയും കൂട്ടരും പറയുന്നത്. എന്തായാലും പോലീസും നാട്ടുകാരും തമ്മിലുള്ള പേഴ്സ് യുദ്ധം സോഷ്യല്‍മീഡിയയിലേക്കും വ്യാപിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ പേഴ്സ് കഥ ഇങ്ങനെ-
കഴിഞ്ഞദിവസം കുപ്പം സ്വദേശി സിനിമ കാണാന്‍ തളിപ്പറമ്പിലെ തിയറ്ററിലെത്തി. അവിടെവച്ച് പേഴ്സ് നഷ്ടമായി. ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ഇവര്‍ തിയറ്ററില്‍ എത്തി സിസിടിവി പരിശോധിച്ചപ്പോള്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന് പഴ്സ് എടുക്കുന്ന ദൃശ്യം കണ്ടെത്തി. ഉടനെ തന്നെ സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. ചെറു ചമ്മലോടെ പോലീസുകാരന് പേഴ്സ് തിരികെ കൊടുത്തുവത്രേ. ഇതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഒരു പ്രചരണം തുടങ്ങി. ഉടമസ്ഥര്‍ ചോദിച്ചതിനു ശേഷം മാത്രമാണ് പേഴ്സ് തിരിച്ചു ലഭിച്ചതെന്നാണു സമൂഹമാധ്യമങ്ങളില്‍ പോലീസുകാരന്റെ ഫോട്ടോ സഹിതം പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ചില ചിത്രങ്ങള്‍ രാഷ്ട്രദീപികയ്ക്ക് കിട്ടിയെങ്കിലും അതു പ്രസിദ്ധീകരിക്കുന്നില്ല.
സത്യം ഇതല്ലെന്നും പോലീസുകാരന് പേഴ്സ് സ്റ്റേഷനില്‍ എത്തിച്ച് ഉടമയ്ക്ക് തിരിച്ചുനല്കുകയാണു ചെയ്തതെന്നും പറഞ്ഞ് എതിര്‍വിഭാഗത്തിന്റെ പ്രചാരണവും ആരംഭിച്ചു. പഴയൊരു കേസിന്റെ വിരോധം വച്ചാണ് മറിച്ചു പ്രചാരണം നടത്തുന്നതെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. അതേസമയം, രസകരമായ വസ്തുത അതൊന്നുമല്ല. പോലീസുകാരന്റെ ബന്ധുവാണത്രേ പേഴ്സിന്റെ ഉടമ. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഉണ്ടായിട്ടും പോലീസുകാരന് പേഴ്സ് ഉടന്‍ തന്നെ തിരിച്ചുനല്‍കുകയോ വിവരം അറിയിക്കുകയോ ചെയ്യാതിരുന്നതു ഗൗരവതരമാണെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.