പയ്യന്നൂര്‍: ഒരുമാസമായി കൂലി ലഭിക്കാതിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് തുണയായി. തമിഴ്നാട്ടില്‍ നിന്നുമെത്തി ഏഴിമല നാവിക അക്കാഡമിയില്‍ ജോലിചെയ്തിരുന്ന 13 തൊഴിലാളികള്‍ക്കാണ് പയ്യന്നൂര്‍ പോലീസ് തുണയായത്.
നാവിക അക്കാഡമിയിലെ കണ്‍സ്ട്രക്ഷന്‍ ജോലിക്കായി എറണാകുളത്തെ കരാറുകാരന് മറ്റൊരു മേസ്തിരിയിലൂടെ നിയോഗിച്ച തൊഴിലാളികളാണ് ഒരുമാസമായി കൂലി ലഭിക്കാതെ വലഞ്ഞിരുന്നത്.ഭക്ഷണത്തിന് പോലും വകയില്ലാതെ വിഷമിച്ച ഇവര്‍ ഇന്നലെ രാവിലെയാണ് പരാതിയുമായി പയ്യന്നൂര്‍ പോലീസിനെ സമീപിച്ചത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ കരാറുകാരനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ഇയാള്‍ പലകാരണങ്ങള്‍ പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പോലീസ് സ്വീകരിക്കുമെന്ന് ബോധ്യമായതോടെ ഇയാള്‍ പണം നല്കാന് തയാറാകുകയായിരുന്നു.
തൊഴിലാളികള്‍ക്ക് നല്‍കാനുള്ള 1,60,000 രൂപയില്‍ ഇന്നലെ തന്നെ 40,000 രൂപ കരാറുകാരനെകൊണ്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ പോലീസിന് സാധിച്ചു. ഇന്നും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലുമായി 40,000 രൂപ വീതം അക്കൗണ്ടില്‍ നിക്ഷേിപക്കാമെന്ന ഉറപ്പിലാണ് പോലീസ് പ്രശ്നം പരിഹരിച്ചത്.
ഇത്രയൊന്നും നടപടി പ്രതീക്ഷിക്കാതെ പോലീസില്‍ പരാതിയുമായി എത്തിയ തമിഴ്നാട് സ്വദേശികള്‍ “സര് ഉങ്കള് നിജമാ കടവുള്‍ താനേ’എന്ന് പറഞ്ഞ് പോലീസിന് നന്ദിപറഞ്ഞാണ് മടങ്ങിയത്.