കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പോലീസിന് ടാർജെറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ മിനിമം നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ മയക്കുമരുന്ന് തപ്പിയുള്ള അന്വേഷണത്തിലാണ് പോലീസ്.
കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം പോലീസിന് കണ്ടെത്തുവാൻ എളുപ്പമായിരുന്നു. എന്നാൽ, സിന്തറ്റിക് ഡ്രഗ്സുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല.
ഇത്തരം മയക്കുമരുന്നുകൾ കണ്ടെത്തുവാൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടുവാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇതിലുള്ളർക്കും പരിശീലനം ലഭിച്ചിട്ടില്ല. പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവവുമാണ്.
മയക്കുമരുന്നുകൾ കണ്ടെത്തുവാൻ നർകോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്.
കാന്റീന്റെയും ജനമൈത്രി പോലീസിന്റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്.
അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് തടയാനുള്ള നടപടികൾ തടയാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചാൽ മാത്രമേ മയക്കുമരുന്നിന് സംസ്ഥാനത്ത് തടയിടാൻ സാധിക്കൂ.