വെച്ചൂച്ചിറ കൊല്ലമുളയില്‍നിന്ന് 50 ദിവസം മുന്‍പു കാണാതായ ജെസ്ന മരിയ ജയിംസിനെ തേടിയുള്ള പോലീസിന്റെ യാത്ര മൈസൂരുവിലേക്ക്. ആശ്വാസഭവനില്‍ കണ്ട യുവാവും യുവതിയും മൈസൂരിലേക്ക് പോകുമെന്ന് പറഞ്ഞ വിവരങ്ങള്‍ വച്ചാണ് പോലീസിന്റെ യാത്ര.
പെരുനാട് സിഐ എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ബഗളൂരുവിലും തിരുവല്ല എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂരിലുമാണ് അന്വേഷണം നടത്തുന്നത്.
ബംഗളൂരുവില്‍ ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച രാവിലെ 11.30നു ജെസ്ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. ജെസ്നയുടെ സഹോദരങ്ങള്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന വൈറലാകുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തിരോധാന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ഇതരസംസ്ഥാന മലയാളികള്‍ അന്വേഷണവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കിത്തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍നിന്നു ഫോണ്‍ സന്ദേശം കിട്ടുകയായിരുന്നു.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആന്റോ ആന്റണി എംപി ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകരം ബംഗളൂരുവിലെത്തി ചൊവാഴ്ച രാത്രി വിവരങ്ങള്‍ അന്വേഷിച്ചു. അന്വേഷണ സംഘത്തെ ബംഗളൂരുവിലേക്ക് അയയ്ക്കാന്‍ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പെരുനാട് സിഐ, എസ്ഐ എന്നിവരടങ്ങുന്ന സംഘം ബംഗളൂരുവിലെത്തിയത്.
സംഘം സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ കണ്ടതായി പറയുന്നവര്‍ വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും കാമറദൃശ്യങ്ങളില്‍ തെളിവുകള്‍ ഒന്നുമില്ലെന്ന് സിഐ എം.ഐ. ഷാജി രാഷ്ട്രദീപികയോടു പറഞ്ഞു.
കൂടാതെ ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലും പോലീസ് വിവരശേഖരണം നടത്തി. അവിടെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി പോലീസ് സംസാരിച്ചതില്‍ പറയുന്നതു പോലെ ഒരു പെണ്‍കുട്ടിയെയോ യുവാവിനെയോ അവര്‍ കണ്ടിരുന്നില്ലെന്നും ചികിത്സ തേടിയെത്തിയിട്ടില്ലെന്നുമാണ് മൊഴി. ആശുപത്രിയിലെ കാമറ ദൃശ്യങ്ങളും പരിശോധിച്ചു.
തൃശൂരിലെത്തിയ പോലീസ് പെണ്‍കുട്ടിയോടൊപ്പം ഉണ്ടെന്നു പറയുന്ന യുവാവിനെ സംബന്ധിച്ചാണ് വിവരം ശേഖരിച്ചത്. തൃശൂരില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ വീടിനു സമീപമുള്ള ഒരു യുവാവുമായി ജെസ്നയ്ക്കു സൗഹൃദമുണ്ടായിരുന്നെന്നും ഇയാളോടൊപ്പമാണ് സഞ്ചരിച്ചതെന്നുമുള്ള അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
എന്നാല്‍, ഈ യുവാവ് വീട്ടിലുള്ളതായും ഇയാള്‍ക്കു ബംഗളൂരു ബന്ധമില്ലെന്നും വിവരം ലഭിച്ചതായി എസ്ഐ വിനോദ് കുമാര്‍ പറഞ്ഞു. ഇതേ സംഘം പിന്നീടു മൈസൂരുവിലേക്കു തിരിച്ചിട്ടുണ്ട്.
മാര്‍ച്ച് 22നാണ് ജെസ്നയെ കൊല്ലമുളയിലെ വീട്ടില്‍നിന്നു കാണാതായത്. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ്കവല കുന്നത്ത് ജയിംസിന്റെ മകളായ ജെസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ ബികോം വിദ്യാര്‍ഥിനിയായിരുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്ന എരുമേലി ബസ് സ്റ്റാന്‍ഡ് വരെ എത്തിയിരുന്നു. പിന്നീടാണു കാണാതായത്.