സ്വന്തം ലേഖകൻ
തൃശൂർ: ബി.ടെക്കും എം.ടെക്കുമൊക്കെ പഠിച്ച് പാസായിട്ടും പോലീസാകേണ്ടി വന്നതിന്റെ വിഷമത്തിലിരിക്കുന്ന പോലീസ് സേനാംഗങ്ങൾക്കൊരു സന്തോഷ വാർത്ത. ടെക്നിക്കലി ക്വാളിഫൈഡ് ആയിട്ടുള്ള പോലീസുകാർക്ക് അവരുടെ മേഖലയിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സാങ്കേതിക പരിജ്ഞാനമുള്ളവരെ കേരള പോലീസിൽ അവരുടെ മേഖലയിലേക്ക് നിയോഗിക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി സാങ്കേതിക വിദ്യയിൽ യോഗ്യത നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക കേരള പോലീസ് തയ്യാറാക്കിത്തുടങ്ങി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നീ മേഖലകളിൽ യോഗ്യതയുളളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.
ഇത്തരം സാങ്കേതിക യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാനും ഇവരുടെ കഴിവും പരിചയവും സേനയിലെ വിവിധ മേഖലകളിൽ ലഭ്യമാക്കാനുമാണ് തീരുമാനിച്ചിട്ടുളളത്. ഈ മേഖലകളിൽ യോഗ്യതയുള്ള ധാരാളം പേർ നിലവിൽ കേരള പോലീസിൽ വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇത്തരം യോഗ്യതയുള്ളവരെ യൂണിറ്റ് മേധാവിമാർ കണ്ടെത്തി താത്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ജനുവരി 31നു മുൻപ് ഹെഡ്ക്വാർട്ടേഴ്സ് ഐജിക്ക് നൽകാനാണ് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിരിക്കുന്നത്. തുടർന്ന് ഇവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഓഫീസുകളിൽ നിയമിക്കും.
സ്പെഷ്യൽ ബ്രാഞ്ച്, സിഐഡി, ക്രൈം ബ്രാഞ്ച്, ജില്ല ക്രൈം ബ്രാഞ്ച്, പോലീസ് കംപ്യൂട്ടർ സെന്റർ, സൈബർ ഡോം, ഹൈടെക് സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ജില്ലകളിലെ സൈബർ സെല്ലുകൾ, ഐടി സെല്ലുകൾ എന്നിവയിലാണ് സാങ്കേതികവിദ്യയിൽ യോഗ്യത നേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിക്കുക.
ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സാങ്കേതിക വിഭാഗം ജോലികൾക്കായി നിയോഗിക്കാനുള്ള സാധ്യത ആരായാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ പോലീസ് സേനാംഗങ്ങളുടെ ഓരോ ബാച്ചിലും ഉയർന്ന സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഉൾപ്പെടുന്നത്. ബിടെക്, എംടെക് യോഗ്യതയുള്ളവരും എംബിഎ പോലുള്ള യോഗ്യതയുള്ളവരും സേനയിലുണ്ട്.