വടകര: ആംഡ് പോലീസുകാർക്ക് മുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വടകര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ വാക്കു തർക്കത്തിനും കൈയാങ്കളിക്കും ഇടയാക്കി. ഇന്നലെ രാത്രിയാണ് എസ്ഐയും എഎസ്ഐയും തമ്മിൽ കൊന്പുകോർത്തത്.
സ്റ്റേഷനു മുകൾ നിലയിലാണ് വടകരയിലെത്തുന്ന ആംഡ് പോലീസുകാർ തങ്ങിയിരുന്നത്. ഇത് പിന്നീട് കംപ്യൂട്ടർ ലാബാക്കിയതിനാൽ കിടക്കാൻ സ്ഥലമില്ലാതായി. ഇന്നലെ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാർക്കു മുറി തുറന്നു കൊടുക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല.
ഇത് ദഹിക്കാത്ത ഇൻസ്പെക്ടർ ഇതിനെ ചോദ്യം ചെയ്യുകയും വാതിൽ ചവിട്ടി തുറക്കുകയും ചെയ്തു. ഏമാൻമാർ തമ്മിൽ ഉച്ചത്തിൽ കയർത്ത് സംസാരിച്ചത് മുന്നിലെ റോഡിലുള്ളവർ വരെ കേട്ടു. പ്രശ്നത്തിൽ ഇടപെട്ട പ്രിൻസിപ്പൽ എസ്ഐയും എസ്്ഐയും തമ്മിലും ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. പ്രശ്നം അപ്പോൾ തന്നെ പറഞ്ഞുതീർത്തെന്നു പറയുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥർ ഗൗരരവമായെടുത്തെന്നാണ് വിവരം.