കണ്ണൂർ: സഹപ്രവർത്തകരെ ജാമ്യം നിർത്തി കെഎസ്എഫ്ഇ അടക്കമുള്ള സാന്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടവ് മുടക്കുന്ന കണ്ണൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കാൻ സഹപ്രവർത്തകരായ പോലീസുകാർ.
ഈ ഉന്നത ഉദ്യോഗസ്ഥൻ കാരണം പലർക്കും വൻ സാന്പത്തിക ബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം എംഎസ്പി ക്വാർട്ടേഴ്സിലെ താമസസ്ഥലത്ത് എസ്ഐയായ തളിപ്പറന്പ് ഏഴാംമൈൽ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മരണകാരണം സാന്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. മനോജ് കുമാർ ഇയാൾക്കുവേണ്ടി കെഎസ്എഫ്ഇയിൽ നിന്നും വായ്പയെടുത്തതിന് ജാമ്യം നിന്നിരുന്നു.
തുടർന്ന് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മനോജ് കുമാറിന്റെ ശന്പളത്തിൽ നിന്ന് പിടിക്കുകയായിരുന്നു. കഴിഞ്ഞ 27 മാസമായി ഇങ്ങനെയായിരുന്നു അവസ്ഥ. ഈ സാന്പത്തിക ബാധ്യത മനോജ് കുമാറിനെ മനോവിഷമത്തിലാക്കിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണിന് ജാമ്യം നിന്നു; അടവ് മുടങ്ങിയപ്പോൾ പോലീസുകാരന്റെ ശമ്പളം പിടിച്ചു തുടങ്ങി; മലപ്പുറം എംഎസ്പി ക്യാമ്പ് ക്വാർട്ടേഴ്സിലെ എസ്ഐയുടെ മരണത്തിലെ പിന്നാമ്പുറകഥകൾ ഇങ്ങനെ..
കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ മാങ്ങാട്ടുപറന്പ് കെഎപി ബറ്റാലിയിനിൽ സർവീസിലിരിക്കുന്നതുമുതലാണ് സഹപ്രവർത്തകരെയും പുതിയതായി എത്തുന്ന ട്രെയിനികളെയും ജാമ്യം നിർത്തി വായ്പ എടുക്കുന്നത് പതിവായത്. വായ്പയെടുക്കുന്ന പണം പല ബിസിനസ് ചെയ്യാനും ഇയാൾ ഉപയോഗിച്ചു. എന്നാൽ ബിസിനസെല്ലാം പരാജയമായിരുന്നു.
ട്രാൻസ്ഫർ ആയി പോകുന്പോൾ ഫോൺ നന്പർ മാറ്റുന്നതും പതിവാണ്. മലപ്പുറം എംഎസ്പി ക്യാന്പ് ഉൾപ്പെടെ ഇയാൾ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ഇയാൾക്ക് ജാമ്യം നിന്നവരെല്ലാം സാന്പത്തിക ബാധ്യതയിൽ വലയുകയാണ്.
പോലീസ് ആക്ടിൽ പറയുന്നത് പോലീസുകാർ തമ്മിൽ കടം കൊടുക്കാനോ, കടം വാങ്ങാനോ പാടില്ലെന്നാണ്. അതിനാൽ ഒരു പോലീസുകാരന്റെ കൈയിൽ നിന്നും മറ്റൊരു പോലീസുകാരം പണം കടം വാങ്ങിയിട്ട് തിരികെ നല്കിയില്ലെങ്കിൽ പരാതിയുമായി പോകുവാനും പറ്റില്ല.
ഇതാണ് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ തുറുപ്പ് ചീട്ട്. മനോജ് കുമാറിനെപ്പോലെ 22 ഓളം പോലീസുകാർ ഇയാൾക്കു വേണ്ടി ജാമ്യം നിന്ന് വഞ്ചിതരായിട്ടുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.