ആലപ്പുഴ: മദ്യപസംഘം ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പിടികൂടാൻ കഴിയാത്തതിന്റെ അരിശത്തിൽ അസഭ്യവർഷം നടത്തിയതായി ആരോപണം. പോലീസ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സൈനികനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികളായ യുവാക്കൾ ജീപ്പ് തടഞ്ഞു.
കഴിഞ്ഞദിവസം രാത്രി മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിലെ മറ്റത്തിൽവെളി കോളനിയിലായിരുന്നു സംഭവം. രാത്രി ഒന്പതോടെ പ്രദേശത്ത് മദ്യപസംഘം ചേരി തിരിഞ്ഞ് ബഹളമുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസ് വരുന്നതുകണ്ട് സംഘത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പോലീസ് ജീപ്പ് കണ്ട് നാട്ടുകാർ സമീപത്തേക്കെത്തിയപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ എല്ലാവരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ജനങ്ങൾ തിരികെ പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ അസഭ്യപദപ്രയോഗം നടത്തി. ഇതിനെ വീടിന് മുന്നിൽ നിന്ന സൈനികൻ കൂടിയായ മറ്റത്തിൽവെളി കോളനിയിൽ ബിപിൻ ചോദ്യം ചെയ്തു. ഇതോടെ ഇയാളും പോലീസുമായി തർക്കമുണ്ടായി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബിപിനെ ജീപ്പിൽ കയറ്റിയതോടെ പ്രതിഷേധവുമായി പ്രദേശവാസികളായ യുവാക്കൾ ജീപ്പ് തടഞ്ഞു.
പോലീസിന്റെ അസഭ്യപദപ്രയോഗത്തെ ചോദ്യം ചെയ്യുകയാണ് സൈനികൻ ചെയ്തതെന്നും യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടിയിട്ടില്ലെന്നുമാരോപിച്ചാണ് പ്രതിഷേധവുമായി യുവാക്കൾ രംഗത്തെത്തിയത്. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥർ ബിപിനെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുന്നതിനിടെ മുത്തശിയ്ക്കും ബന്ധുവായ സ്ത്രീയ്ക്കും പരിക്കേൽക്കുകയും ചെയ്തു. ഇവർ ആശുപത്രിയിലാണ്.
സൈനികനായ ബിപിൻ വിവാഹനിശ്ചയത്തിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. അതേസമയം ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വാഹനത്തിന് കേടുപാടുണ്ടാക്കിയതിനുമാണ് സൈനികനെതിരെ കേസെടുത്തതെന്നാണ് പോലീസിന്റെ വാദം. ജീപ്പ് തടഞ്ഞതിന് 14 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.