പെരുന്പാവൂർ: മോഷണക്കേസിലെ പ്രതികളുമായി തെളിവെടുപ്പിനെത്തിയ പോലീസ് നാട്ടുകാരേ അസഭ്യം പറഞ്ഞതായി ആക്ഷേപം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് കൂവപ്പടി വാർഡ് കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
അയ്മുറി കയ്യുത്തിയാലിലെ അഞ്ച് വീടുകളിൽ നിന്നും സ്വർണവും മറ്റും കവർച്ച ചെയ്ത കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം കോടനാട് പോലീസ് പിടികൂടിയിരുന്നു. പ്രതികളായ പനിച്ചയം സ്വദേശി ബിജു, പാലാ സ്വദേശി ഹരിഗോവിന്ദൻ എന്നിവരെയാണ് തെളിവെടുപ്പിനായി ഇന്നലെ അയ്മുറിയിൽ എത്തിച്ചത്.
ഈ സമയം അവിടെ ഉണ്ടായിരുന്ന കൂവപ്പടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ആന്റു ഉതുപ്പാനെയും നാട്ടുകാരെയും എസ്ഐ ഉൾപ്പെടെയുള്ളവർ അസഭ്യം ചൊരിഞ്ഞെന്നാണ് ആക്ഷേപം.
വേറെ പ്രതി ഉണ്ടോ എന്ന നാട്ടുകാരുടെ ചോദ്യമാണ് തെറിയഭിഷേകത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്ന് നാട്ടുകാരും കോൺഗ്രസ് കൂവപ്പടി വാർഡ് കമ്മിറ്റിയും പറഞ്ഞു.