സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതുടർന്നു നഗരത്തിലും പരിസരത്തും നിരത്തിലിറങ്ങിയവരെ തടഞ്ഞു നിർത്തി പോലീസ് പരിശോധന നടത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി എത്തിയവരെ പോലീസ് താക്കീത് നൽകി തിരിച്ചയച്ചു.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എല്ലാ സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പരിശോധിച്ചതിനുശേഷം മാത്രമാണ് കടത്തിവിട്ടത്.
പടിഞ്ഞാറേകോട്ടയിൽ ബാരിക്കേഡ് വച്ച് കയർ കെട്ടിയാണ് പോലീസ് തടഞ്ഞത്. ഇതോടെ അയ്യന്തോൾ, കാഞ്ഞാണി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു വരുന്നവരെ നഗരത്തിലേക്കു കടത്തിവിട്ടില്ല.
അത്യാവശ്യക്കാരെ പോലീസ് ചോദ്യം ചെയ്യലിനുശേഷം മാത്രമാണ് കടത്തിവിട്ടിരുന്നത്. നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലും പോലീസ് പരിശോധന തുടർന്നു. നഗരത്തിലെ ഏതാനും കടകൾ മാത്രമാണ് തുറന്നത്. ഹോട്ടലുകൾ അടഞ്ഞുകിടന്നു.
മണ്ണുത്തി ദേശീയപാതയിൽ വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രാത്രിയിലും ഇവിടെ പോലീസ് സാന്നിധ്യം ഉണ്ട്. എറണാകുളം, പാലക്കാട് ഭാഗത്തുനിന്നു വരുന്ന പല വാഹനങ്ങളും പോലീസ് ഇവിടെ തടഞ്ഞിട്ടു.
കോയന്പത്തൂരിൽനിന്നെത്തിയ ഒരു കുടുംബത്തെ മണ്ണുത്തി എസ്ഐ ആരോഗ്യ പ്രവർത്തകരെ വിളിച്ച് ബന്ധപ്പെടുത്തിയതിനുശേഷം മാത്രമാണ് വിട്ടത്. ഇത്തരത്തിൽ വരുന്ന പല വാഹനങ്ങളും ഇവിടെ പിടിച്ചിട്ടു.