കണ്ണൂര്‍: സ്വകാര്യ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും പോലീസുകാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെങ്കില്‍ അറിയിക്ക ണമെന്ന് എസ്പി സഞ്ജയ്കുമാര്‍ ഗുരുഡിന്. പോലീസുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിന്റെ പേരില്‍ ചിലര്‍ നിസാര കാര്യങ്ങളുടെ പേരില്‍ ബസ് ജീവനക്കാര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നുണ്ടെന്ന ബസ് ഉടമകളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ കളക്ടറും എസ്പിയും വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എസ്പി ഇക്കാര്യം പറഞ്ഞത്.
നിസാര കാര്യങ്ങളുടെ പേരില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പീഡിപ്പിക്കുകയാണെന്നും ബസ് ഉടമകള്‍ പരാതി പറഞ്ഞിരുന്നു. അന്യായമായി ആരും പീഡിപ്പിക്കില്ലെന്ന് കളക്ടര്‍ മിര്‍ മുഹമ്മദലി ബസ് ഉടമകളെ അറിയിച്ചു. എന്നാല്‍ അമിത വേഗത ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ തന്നെ തുടരും.
നിയമത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ ആരും തന്നെ ദ്രോഹിക്കില്ലെന്നും അമിതവേഗതയും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കാന്‍ ജീവനക്കാര്‍ തയാറാവണമെന്നും കളക്ടറും എസ്പിയും ആവശ്യപ്പെട്ടു. ബസുടമകളെ പ്രതിനിധീകരിച്ചു ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് വി.ജെ. സെബാസ്റ്റിയന്, വൈസ് ചെയര്മാന്മാരായ കെ. രാജ് കുമാര്‍, കെ. ഗംഗാധരന്, നേതാക്കളായ പി.കെ. പവിത്രന്, സി.എം. ശിവരാജന് എന്നിവര്‍ പങ്കെടുത്തു.