കണ്ണൂർ: വിമർശനവുമായി എഡിജിപി ടോമിന് തച്ചങ്കരി. ജഡ്ജിമാരും ജനപ്രതിനിധികളും സ്വന്തം മണ്ഡലത്തിൽ പോകാൻ പോലും പോലീസുകാരെ പേഴ്സണൽ സ്റ്റാഫായി വിളിക്കുകയാണ്. പോലീസുകാരെ പേഴ്സണൽ സെക്യൂരിറ്റിക്കായി കൊണ്ടുപോകുന്നത് പലരും സ്റ്റാറ്റസ് ആയാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സർക്കാരിനു വലിയ വെല്ലുവിളിയാണെന്നും കണ്ണൂരിൽ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തച്ചങ്കരി പറഞ്ഞു.
പോലീസുകാരെ ദാസ്യപ്പണി എടുക്കാനുള്ള സംഘമായി ദുരുപയോഗപ്പെടുത്തുകയാണ്. പേഴ്സണൽ സെക്യൂരിറ്റി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. പേഴ്സണൽ സെക്യൂരിറ്റിക്ക് പോകുന്ന ഓഫീസർമാർ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ചരിത്രം കേട്ടിട്ടില്ലെന്നും എഡിജിപി പറഞ്ഞു.
സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പോലീസ് ഉദ്യോഗസ്ഥർ തയാറാകണം. സ്വന്തം മണ്ഡലത്തിൽ പോലും സുരക്ഷാ ഭീഷണി ഉള്ളവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.