ആലപ്പുഴ: വിരമിക്കുന്നതിന് ഒന്നരവർഷം വരെ സർവീസ് ഉള്ളവർക്ക് ആവശ്യപ്പെടുന്ന സ്റ്റേഷനുകളിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന കീഴ് വഴക്കത്തെ കാറ്റിൽപറത്തി ജില്ലയിലെ പോലീസുകാർക്ക് കൂട്ടസ്ഥലമാറ്റം.75 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിറങ്ങിയത്. യുഡിഎഫ് അനുകൂലികളും നേരത്തെ പോലീസ് അസോസിയേഷൻ ഭാരവാഹികളും കൗണ്സിലർമാരുമായിരുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റിയിരിക്കുകയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. സാധാരണ ജൂണ്‍ മാസത്തിലാണ് സ്ഥലം മാറ്റ നടപടികൾ നടക്കുന്നത്.
ഓരോ സ്റ്റേഷനിലും മൂന്നുവർഷം പൂർത്തിയായവരെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് പൊതു സ്ഥലംമാറ്റത്തിൽ ചെയ്യുക. വിദ്യാർഥികളായ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്താണ് ജൂണ്‍ മാസത്തിൽ സ്ഥലംമാറ്റം നടപടികൾ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇതെല്ലാം കാറ്റിൽ പറത്തി സ്ഥലം മാറ്റം നടത്തിയെന്നാണ് ആക്ഷേപം.
വിരമിക്കാൻ ഒന്നരമാസം മാത്രം ബാക്കിയുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോലീസ് ഉദ്യോസ്ഥനും സ്ഥലം മാറ്റം ലഭിച്ചവരിൽപ്പെടും. ഒരു വർഷത്തിന് താഴെമാത്രം സർവീസ് അവശേഷിക്കുന്ന നിരവധി ഉദ്യോഗസ്ഥരാണ് കണ്ട്രോൾ റൂം, ട്രാഫിക് എന്നിവിടങ്ങളിൽ നിന്നും സ്ഥലം മാറ്റപ്പെട്ടിരിക്കുന്നത്.
ഇടത് അനുകൂല അസോസിയേഷൻ നേതാക്കളുടെ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുമാണ് ഒരു വിഭാഗത്തിന്റെ നീക്കം. അതേസമയം സ്ഥലംമാറ്റത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അധികമായ സ്ഥലങ്ങളിൽ നിന്നും കുറവുള്ള പ്രദേശങ്ങളിലേക്ക മാറ്റുകയാണുണ്ടായതെന്നുമാണ് ഉന്നത അധികാരികളുടെ നിലപാട്.