പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പോലീസ്.
പ്രയാഗ് രാജ് ജില്ലയില്‍നിന്ന് ഒരുമാസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ഗുര്‍പുര്‍ സ്വദേശിയായ സുര്‍ജീത്തിനെ പിടികൂടുകയും ചെയ്തു.
മാര്‍ച്ച് 17-നാണ് പെണ്‍കുട്ടിയെ സുര്‍ജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ പ്രതിയായ യുവാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് കനത്ത വെല്ലുവിളിയായി.
കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പോലീസിന് മനസിലായി. ഇതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പോലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു.
ഇതിനിടെയാണ് ഫേസ്ബുക്കില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ്ലോഡ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരുന്നു പോലീസിന്റെ നീക്കം.
യുവാവ് ഇടയ്ക്കിടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചതോടെ ട്രെയിനി ഐ.പി.എസ്. ഉദ്യോഗസ്ഥനായ ചിരാഗ് ജെയിന് ആണ് ഒരു സ്ത്രീയുടെ പേരില്‍ ഫേസ് അക്കൗണ്ട് ഉണ്ടാക്കിയത്.
തുടര്‍ന്ന് ഈ അക്കൗണ്ടില്‍നിന്ന് പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയായിരുന്നു. യുവാവ് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചു.
ഇരുവരും ഫേസ്ബുക്ക് മെസഞ്ചറിലൂടെ യുവാവുമായി ചാറ്റിഗും തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിയുമായി അടുപ്പം സ്ഥാപിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനാണ് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ശ്രമിച്ചത്.
ചാറ്റിംഗിനിടെ എവിടെയാണ് താമസമെന്നടക്കമുള്ള കാര്യങ്ങള്‍ പോലീസുകാരി യുവാവിനോട് തിരക്കിയിരുന്നു.
തന്റെ താമസസ്ഥലത്തുനിന്നുള്ള വീഡിയോ സഹിതമാണ് ഇതിന് യുവാവ് മറുപടി നല്‍കിയത്. വീഡിയോ പരിശോധിച്ചതോടെ യുവാവ് താമസിക്കുന്നത് നവിമുംബൈയിലെ വാഷി മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു.
ഇതോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പോലീസുകാരുടെ ശ്രമം. ഇതിനിടെ, നേരിട്ട് ഫോണില്‍ സംസാരിക്കണമെന്ന് വനിതാ കോണ്‍സ്റ്റബിള്‍ ചാറ്റില്‍ ആവശ്യപ്പെട്ടതോടെ യുവാവ് ഫോണ്‍ നമ്പറും നല്കി.
യുവാവ് ഉപയോഗിക്കുന്ന പുതിയ ഫോണ്‍നമ്പര്‍ ലഭിച്ചതോടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പോലീസ് കണ്ടെത്തി.
തുടര്‍ന്ന് യുവാവിന്റെ വീട്ടുടമയുടെ നമ്പറും പോലീസിന് ലഭിച്ചു. ഇയാളെ വിളിച്ച് വാടകവീട്ടില്‍ താമസിക്കുന്നത് പ്രതിയാണെന്ന് പോലീസ് സംഘം സ്ഥിരീകരിച്ചു. യുവാവിനൊപ്പം പെണ്‍കുട്ടിയും താമസിക്കുന്നുണ്ടെന്നും ഉറപ്പിച്ചു.
തുടര്‍ന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലേക്ക് തിരിച്ചത്. ഏപ്രില്‍ 18-ാം തീയതി മുംബൈയിലെത്തിയ പോലീസ് സംഘം യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. വാടകവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തെന്നും പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും എസ്.പി. സൗരഭ് ദീക്ഷിത് പറഞ്ഞു.