ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണയിൽ 25 കാരനായ ദേവപര്ധി എന്ന ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതിൽ വൻ പ്രതിഷേധം. ഞായറാഴ്ച സ്വന്തം വിവാഹവേദിയിൽനിന്നാണ് മോഷണക്കുറ്റം ആരോപിച്ച് ദേവപർധിയെയും അമ്മാവൻ ഗംഗാ റാമിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണവിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
പ്രതിഷേധത്തിനിടെ ചിലർ വസ്ത്രങ്ങൾ അഴിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ബന്ധുക്കളായ സ്ത്രീകൾ കളക്ടറേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോഗിച്ചാണ് പോലീസ് ബന്ധുക്കളെ നീക്കിയത്.
ചിലർക്ക് പരിക്കേറ്റു. ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും പോലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.