തിരുവനന്തപുരം: വാഹന പരിശോധനാ വേളയിലും മറ്റു സമാന സന്ദർഭങ്ങളിലും ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസുകാർക്ക് നിർദേശം. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടന്ന പരിശീലനത്തിലാണ് പോലീസുകാർക്ക് നിർദേശം നൽകിയത്. വാഹന പരിശോധനക്കിടെ നിയമം പാലിക്കാൻ തയാറാവണം. യാത്രക്കാർ പ്രകോപിപ്പിച്ചാലും മാന്യത വിടരുതെന്നും ആവരുടെ പെരുമാറ്റം കാമറയിൽ പകർത്തണമെന്നും നിർദേശം നൽകി.
പരിശോധനാ വേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് നിലവിലുള്ള സർക്കുലറുകളിലെ നിർദേശങ്ങൾക്കൊപ്പം പ്രായോഗിക സന്ദർഭങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഹെൽമറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, ഓവർ സ്പീഡിൽ സഞ്ചരിക്കുന്ന കാർ തുടങ്ങിയവ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്നും പെരുമാറ്റം എങ്ങനെയായിരിക്കണം എന്നുമുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. പൊതുവിൽ വാഹനയാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമ ലംഘനങ്ങളും തെറ്റായ രീതികൾ സംബന്ധിച്ചും അവ കൈകാര്യം ചെയ്യേണ്ട രീതിയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം പരീശിലനം നൽകി.