സ്വന്തം ലേഖകന്‍
കോഴിക്കോട്: ക്രമസമാധാനപാലനത്തില്‍ ഹൈടെക്കാകാന്‍ യൂണിഫോമിനുള്ളില്‍ കാമറയുമായി പോലീസ്. ബ്രോഡ് കാസ്റ്റിംഗ് സംവിധാനമുള്ള കാമറകളാണ് യൂണിഫോമിനുള്ളില്‍ ഘടിപ്പിക്കുക.പൊതുമേഖലാ സ്ഥാപനമായ ബ്രോഡ് കാസ്റ്റിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് കാമറകള്‍ നിര്‍മിച്ചുനല്‍കിയത്. ലൈവ് സ്ട്രീമിംഗാണ് കാമറകളുടെ പ്രധാന സവിശേഷത.
4-ജി സിം ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദവും ജിഎസ്എം സംവിധാനം വഴി കണ്ട്രോള് റൂമിലേക്കോ, ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയക്കാം. ക്രമസമാധാന പരിപാലന വേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡിജിപി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദേശങ്ങള്‍ തല്‍സമയം നല്‍കാനും സാധിക്കും.
പുഷ് ടു ടാക് സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്ക് കാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും ആശയവിനിമയം നടത്താന്‍ കഴിയും.ഒരു ഗൂപ്പിനുള്ളില്പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം വിവരങ്ങള്‍ നല്കാന് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.ഇതോടെ നടപടികള്‍ വേഗത്തിലാകും.ഇവയ്ക്കു പുറമേ 64-ജിബി മെമ്മറിയുള്ള കാമറകളില്‍ ഓഡിയോ- വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമുള്‍പ്പെടെയുള്ള സംവിധാനവും ഉണ്ട്.
ഓരോ ദിവസത്തെയും റിക്കോര്‍ഡിംഗ് അതതു ദിവസം തന്നെ കണ്ട്രോള് റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കാനും കഴിയും. പോലീസ് പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക എന്നതു കൂടിയാണ് ലക്ഷ്യം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.