ഹൈന്ദവ വിശ്വാസപ്രകാരം പോത്തിനെ മരണത്തിന്റെ ദേവനായ കാലന്റെ വാഹനമായാണ് കണക്കാക്കുന്നത്. ആയുസ് തീരുന്ന സമയം യമലോകത്തേക്ക് കൊണ്ടുപോകാൻ കാലൻ പോത്തിന്റെ പുറത്ത് കയറി എത്തുന്നു എന്നാണ് വിശ്വാസം. എന്നാൽ പോത്തിന്റെ പുറത്ത് കയറി പട്രോളിംഗിന് ഇറങ്ങിയിരിക്കുകയാണ് പോലീസ്. അങ്ങ് ബ്രസീലിലാണ് സംഭവം. ബോബ് മാര്‍ലിയുടെ പ്രശസ്തമായ ബഫല്ലോ സോള്‍ജിയേഴ്സ് എന്ന ഗാനത്തെ അനുസ്മരിച്ച് ഈ പോലീസ് സംഘം ഇന്ന് “ബഫല്ലോ സോൾജിയേഴ്സ്” (Buffalo Soldiers) എന്ന് അറിയപ്പെടുന്നു.
ബ്രസീലിലെ മറാജോ ദ്വീപിലെ പോലീസാണ് വളഞ്ഞ് കയറിയ കൊമ്പകളുള്ള കൂറ്റൻ പോത്തിനെ പട്രോളിംഗിനായി ഉപയോഗിക്കുന്നത്. കാര്‍ യാത്ര സാധ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലാണ് പോലീസ് ഇത്തരത്തില്‍ പോത്തിന്റെ പുറത്ത് പട്രോളിംഗിനെത്തുന്നത്. കുതിരയ്ക്ക് പകരം പട്രോളിംഗിനായി പോത്തിനെ ഉപയോഗിക്കുന്ന ലോകത്തിലെ ഏക പോലീസ് വകുപ്പും മറാജോ ദ്വീപിലെ പോലീസ് വകുപ്പാണ്.
ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ഫ്രഞ്ച് ഇന്തോ – ചൈനയിലെ നെല്‍പ്പാടങ്ങളില്‍ നിന്ന് ഫ്രഞ്ച് ഗയാനയിലേക്ക് കൊണ്ടു പോകുന്നതിനിടെ കപ്പല്‍ തകര്‍ന്ന് ഇവ രക്ഷപ്പെട്ടിരുന്നു. അങ്ങനെ ഇവ മറാജോ ദ്വീപിലെത്തപ്പെടുകയായിരുന്നു. അന്ന് ഫ്രഞ്ച് ഗയാനയിലെ ഒരു പീനൽ കോളനിയിൽ നിന്ന് കുറ്റവാളികൾ രക്ഷപ്പെടാനായി മറാജോയിലെ കണ്ടൽക്കാടുകളിലെ വിദഗ്ദ്ധരായ നീന്തക്കാരായ പോത്തുകളെ ഉപയോഗിച്ചു. ഒരു കാലത്ത് ഇവിടെ ഏതാണ്ട് 4,50,000 ത്തോളം പോത്തുകളും എരുമകളും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
പിന്നീട് ഇവ ദ്വീപിന്റെ സാംസ്കാരിക ചിഹ്നമായി മാറി. ദ്വീപിലെ ജീവിതവുമായി വളരെ പെട്ടെന്ന് തന്നെ പോത്തുകള്‍ ഇണങ്ങി. ഇന്ന് ദ്വീപിന്റെ സമ്പത്ത് വ്യവസ്ഥയില്‍ ഇവ വലിയൊരു സ്ഥാനം വഹിക്കുന്നു. പാല്, പാല് ഉത്പന്നങ്ങള്‍, മാസം, സാധനങ്ങള്‍ കൊണ്ടു പോകല്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ദ്വീപ് നിവാസികളെ ഇവ ഏറെ സ്വാധീനിച്ചു. അങ്ങനെ പതുക്കെ ആഘോഷങ്ങള്‍ക്കും ഇവയെ ഉപയോഗിച്ച് തുടങ്ങി. ദ്വീപിലെ ചതുപ്പ് നിറഞ്ഞ വിദൂര പ്രദേശങ്ങളിലേക്ക് പോകാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗം പോത്തുകളാണെന്ന് പോലീസും തിരിച്ചറിഞ്ഞു.