വടകര: മദ്യപിച്ച് വീട്ടിൽ കയറി ശല്യം ചെയ്തെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പഞ്ചായത്ത് മെന്പറോട് പോലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. അഴിയൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെന്പർ സാഹിർ പുനത്തിലിനോടാണ് ചോന്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തട്ടിക്കയറിയത്. ഇന്നലെ കാലത്ത് മുതൽ അഞ്ചാം പീടിക പ്രദേശത്ത് മദ്യപിച്ച് പരാക്രമം കാണിച്ച യുവാവ് സമീപത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചത് സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിക്കാരന്റെ ആവശ്യപ്രകാരം ഒപ്പം പോയ വാർഡ് മെന്പർ കൂടിയായ സാഹിർ പുനത്തിൽ സ്റ്റഷനിൽ എത്തിയപ്പോഴാണ് പോലീസുകാരൻ അപമര്യാദയായി പെരുമാറിയത്. രാഷ്ട്രീയമില്ലാത്ത വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണെന്ന് പറഞ്ഞപ്പോൾ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൽ വാർഡ് വികസന സമിതി പ്രതിഷേധിച്ചു. എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ യോഗത്തിൽ എ.കെ.സൈനുദീൻ, വി.പി.സവാദ്, വി.പി.സജീർ, നസീർ കൂടാളി എന്നിവർ സംസാരിച്ചു.