വടക്കഞ്ചേരി: പോലീസുകാരുടെ കുറവുമൂലം വടക്കഞ്ചേരി സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങൾപോലും ശരിയാംവണ്ണം നടക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ വലിയ സ്റ്റേഷനുകളിലൊന്നായ വടക്കഞ്ചേരി സ്റ്റേഷനിൽ പോലീസുകാരായി എണ്പതു പേരെങ്കിലും ഉണ്ടെങ്കിലും സേവനം കുറച്ചെങ്കിലും കാര്യക്ഷമമാകൂ. എന്നാൽ ഇവിടെ ഇപ്പോഴുള്ളത് അന്പതുപേരാണ്.
ഇതിൽ പലരും ലീവിലും ട്രാഫിക് പോലെ മറ്റു ഡ്യൂട്ടികൾക്കും പോകേണ്ടി വരുന്നതിനാൽ സ്റ്റേഷനിലെത്തുന്ന പരാതികൾ പരിശോധിക്കാനോ അന്വേഷിക്കുന്നതിനോ ആളില്ലാതെ ഏറെ ഗൗരവതരമായ സ്ഥിതിവിശേഷമാണുള്ളതെന്നു പറയുന്നു.ദിനംപ്രതി രണ്ടോ മൂന്നോ കേസുകൾ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്.
പല പരാതികളും ഇരുക്കൂട്ടരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടുന്നതിനാലാണ് കേസുകളുടെ എണ്ണം കുറയുന്നത്.പലപ്പോഴും ഇത്തരം ഒത്തുതീർപ്പുകൾ മതിയാകാതെ വരും. കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ അതിന്റെ എഴുത്തും മറ്റു നടപടിക്രമങ്ങൾക്കും മതിയായ പോലീസിന്റെ സേവനം ലഭ്യമല്ല.
ആത്മഹത്യ, പെറ്റികേസുകൾ, അപകടങ്ങൾ തുടങ്ങിയവ വേറെ വരും. ഇനി ഹെൽമറ്റ് വേട്ട കൂടി തുടങ്ങിയാൽ എല്ലാം തകിടംമറിയും.റോഡ് ബ്ലോക്ക്, അടിപിടി, ഭീഷണികൾ തുടങ്ങിയവയ്ക്കും പോലീസ് പാഞ്ഞെത്തണം. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പല മീറ്റിംഗുകളിലും സ്റ്റേഷനിലെ പോലീസിന്റെ കുറവ് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും നടപടി വൈകുകയാണെന്ന ആക്ഷേപമുണ്ട്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, പുതുക്കോട്, കണ്ണന്പ്ര, വണ്ടാഴി പഞ്ചായത്തിന്റെ ഒരുഭാഗം തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന വളരെ വിസ്തൃതമായ മേഖലയാണ് വടക്കഞ്ചേരി സ്റ്റേഷനുകീഴിൽ വരുന്നത്. പതിനഞ്ചു കിലോമീറ്റർ വരുന്ന ദേശീയപാത, മലയോരമേഖലകൾ തുടങ്ങി പോലീസിന്റെ സേവനം ഏതുസമയവും ആവശ്യമുള്ള സന്ദർഭങ്ങളുണ്ട്.
പോലീസിന്റെ കുറവുമൂലം പരാതികളിലെ തുടർഅന്വേഷണങ്ങളും നിലയ്ക്കുന്ന സ്ഥിതിയാണ്.
കഞ്ചാവ് മാഫിയയുടെ താവളമായി വടക്കഞ്ചേരി മാറുന്നതിനും ഇതു കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഗുണ്ടാസംഘങ്ങളും ഇവിടെ തലപൊക്കുന്നുണ്ട്. വടക്കഞ്ചേരി ടൗണിൽ ട്രാഫിക്കിന്റെ മറവിൽ ആർക്കും എന്തുമാകാമെന്ന സ്ഥിതിയും അധികൃതർ ഗൗരവമായി കാണുന്നില്ലെന്ന പരാതിയും ശക്തമാണ്.