കോഴിക്കോട്: സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലും വര്‍ഗീയവാദികള്‍ നുഴഞ്ഞുകയറിയതായി ഇന്റലിജൻസ് റിപ്പോർട്ട്. സുപ്രധാന തസ്തികകളില്‍ വരെ ഇത്തരം ആശയങ്ങളുള്ളവരെത്തിയതോടെ പോലീസിലും വര്‍ഗീയത പ്രകടമായിരിക്കുകയാണ്.
ഓരോ പോലീസ് ജില്ലകള്‍ തോറും പ്രവര്‍ത്തിക്കുന്ന സ്പെഷല്ബ്രാഞ്ചുകളിലും റേഞ്ച് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലും ഇത്തരക്കാര്‍ നുഴഞ്ഞുകയറിയിട്ടുള്ളതായി സേനയിലെ ഉന്നതർ സമ്മതിക്കുന്നു. ഇതോടെ സംസ്ഥാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന മതതീവ്രവാദം വളരാനും രഹസ്യാന്വേഷണവിഭാഗങ്ങള്‍ അവസരമൊരുക്കുകയാണെന്ന ആക്ഷേപവും ഉയർന്നു.
വര്‍ഗീയവിദ്വേഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍നിന്നും പ്രാദേശികമായി ലഭിക്കുന്ന പല വിവരങ്ങളും ഫീല്ഡ്വര്ക്കര്മാരായ പോലീസുകാര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. ചിലര്‍ വസ്തുതകള്‍ വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ നല്കിയാലും അത് ഉന്നത ഉദ്യോഗസ്ഥരില്‍ എത്താറില്ലെന്നും പോലീസിനുള്ളില്‍ തന്നെ അഭിപ്രായുമുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ടു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. ഇരുമതവിഭാഗത്തിലുമായി മതംമാറിയവരുടെ വിവരങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചത്.
വിവരങ്ങള്‍ അതീവരഹസ്യമായിട്ടായിരുന്നു ശേഖരിച്ചത്. ന്യൂനപക്ഷ മതവിഭാഗത്തിലേക്ക് എത്രപേര്‍ മാറിയിട്ടുണ്ടെന്ന് അറിയുന്നതിനു വേണ്ടിയായിരുന്നു പട്ടിക സഹിതം കണക്കുകള്‍ പ്രധാനമായും ശേഖരിച്ചത്. വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവിക്ക് നല്കുന്നതിനു മുമ്പുതന്നെ ഫീല്ഡ്വര്ക്കറായ ഉദ്യോഗസ്ഥന് ഒരു മാധ്യമത്തിനു നല്‍കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തിവരുടെ എണ്ണം വ്യക്തമാക്കുന്ന കണക്കുകളായിരുന്നു അന്നു വാര്‍ത്തയായത്. സമാനരീതിയില്‍ തന്നെ പലതരത്തിലുള്ള രഹസ്യവിവരങ്ങളും മതതീവ്രവാദികള്ക്കുവേണ്ടി ചോര്‍ത്തി നല്‍കുന്നതായും പോലീസിനുള്ളില്‍ ചര്‍ച്ചയുണ്ട്.
മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും ചില എഡിജിപിമാരും ജില്ലാ പോലീസ് മേധാവികളും ഉള്‍പ്പെടെ ഇത് ലംഘിക്കുന്നത് പരസ്യമാണ്. എന്നാല്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ സ്പെഷ്യല്ബ്രാഞ്ചോ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാറില്ല. ഉത്തരമേഖലാ ഡിജിപി തസ്തികയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് വരെ ഇപ്രകാരം മതചിഹ്നം ഉപയോഗിച്ചിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
റിപ്പോര്‍ട്ട് നല്‍കാത്തതിനു പകരമായി സ്പെഷല്ബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്ന വീഴ്ചകള്‍ സംബന്ധിച്ചു നടപടിയും മേലധികാരികള്‍ സ്വീകരിക്കില്ല. പോലീസിന്റെ വാഹന പൂജ നടത്തി സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതുള്പ്പെടെയുള്ള സംഭവത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് ഈ അവിശുദ്ധബന്ധത്തെ തുടര്‍ന്നാണ്.
പ്രധാനയോഗങ്ങളോ മറ്റു കാര്യങ്ങളോ നടക്കുമ്പോള്‍ മതപരമായ ആവശ്യത്തിനായി പോവുകയാണെങ്കില്‍ അതിന് തടസം നില്‍ക്കാനും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല. സേനയില്‍ അംഗബലമില്ലെന്ന് പറയുമ്പോഴും ക്ഷേത്രകാവലിനായി സായുധസേനാംഗങ്ങളെ വരെ കോഴിക്കോട് സിറ്റിയില്‍ വിന്യസിപ്പിച്ചത് വിവാദമായിരുന്നു.
പോലീസ് അസോസിയേഷനും ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരേ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പലപ്പോഴും ആഭ്യന്തരവകുപ്പ് മുമ്പാകെ ഇത്തരം അച്ചടക്കലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാലും നടപടി സ്വീകരിക്കാറില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട് ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും ഒരു ഫീല്‍ഡ് സ്റ്റാഫ് പ്രവര്‍ത്തിക്കുന്നുണ്ട്. അതത് സ്റ്റേഷന് പരിധിയിലുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിക്ക് സമര്‍പ്പിക്കണം.
സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് രൂപപ്പെടുന്ന അഭിപ്രായങ്ങളും രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സംഭവങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണ് തയാറാക്കി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വര്‍ഗീയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കാറില്ലെന്നാണ് ആരോപണമുയരുന്നത്.
അതത് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം റിപ്പോര്‍ട്ടുകള്‍ നല്കുകയല്ലാതെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പുകളൊന്നും നല്‍കാറില്ല. ഏതെങ്കിലും വിധത്തില്‍ മേലുദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്കിയാല്, വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് കോട്ടമുണ്ടാവാത്ത വിധത്തിൽ വസ്തുതകള്‍ ലഘൂകരിച്ചുകൊണ്ടാണ് നല്‍കാറുള്ളത്.
അടുത്തിടെ പോലീസില്‍ ഏറെ വിവാദം സൃഷ്ടിച്ച ക്യാമ്പ് ഫോളവര്മാരുമായി ബന്ധപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്രകാരം ഡിറ്റാച്ച്മെന്റ് നല്കാന് തയാറായിട്ടും അത് സ്വീകരിക്കനോ ഇന്റലിജന്‍സ് മേധാവിയ്ക്ക് കൈമാറാനോ തയാറായിട്ടില്ല. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണറിയുന്നത്.
മുൻപ് ഒരു മതവിഭാഗത്തിൽപെടുന്ന പോലീസുകാർ മലപ്പുറത്ത് “പച്ചവെളിച്ചം’ എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. മറ്റൊരു മതവിഭാഗത്തിൽപെട്ടവർ തിരുവനന്തപുരം കേന്ദ്രീകരിച്ച് “തത്വമസി’ എന്നപേരിലും വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി. വിവാദമായതിനെ തുടർന്ന് ഗ്രൂപ്പുകൾ പിരിച്ചുവിട്ടെങ്കിലും മറ്റു പേരുകളിൽ എല്ലാ പോലീസ് ജില്ലകളിലും ഇത്തരം ഗ്രൂപ്പുകൾ ഇപ്പോഴും സജീവമാണത്രെ.
കോഴിക്കോട് ജില്ലയിലെ “സ്ഥലമാറ്റമടക്കം പോലീസ് വിഷയങ്ങളിൽ ‘ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി ഇടപെടുന്നത് സിപിഎമ്മും മതസംഘടനയുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ തെളിവായി പോലീസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു.