മലപ്പുറം: അയൽവാസിയായ 17കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.
വെള്ളയൂർ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീൻ (40)നെയാണ് മജിസ്ട്രേറ്റ് എം.എ. അഷ്റഫ് ശിക്ഷിച്ചത്. 2022 നവംബർ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്ഐയായിരുന്ന ടി.കെ. ജയപ്രകാശും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വണ്ടൂരിൽനിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരൻ പിടിയിലാകുന്നത്.
വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ സിവിൽ പൊലീസ് ഓഫീസർക്കൊപ്പം വീട്ടിലെത്തിച്ചു. പോലീസ് ഇൻസ്പെക്ടർ വേലായുധൻ പൂശാലി അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം. നീതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു.
മുന്പും സമാനസംഭവം
സമാനമായ വിധി മുന്പും മലപ്പുറത്തുണ്ടായിരുന്നു. കൂട്ടിലങ്ങാടി കൂരിവീട്ടിൽ റിഫാക്ക് റഹ്മാൻ (33)നെയാണ് മജിസ്ട്രേറ്റ് എ.എ. അഷ്റഫ് ശിക്ഷിച്ചത്.
2022 ഒക്ടോബർ 19നാണ് ഇയാൾ പിതൃസഹോദര പുത്രനായ 17കാരന് സ്കൂട്ടർ നൽകിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ സി.കെ. നൗഷാദ് പിടികൂടി.
പരിശോധനയിൽ സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസൻസില്ലെന്നും കണ്ടെത്തി.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ഓട്ടോയിൽ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്മാൻ 25,000 രൂപ കോടതിയിൽ അടയ്ക്കുകയായിരുന്നു.