കടയ്ക്കൽ : പോലീസിന്റെ വാഹന പരിശോധന കണ്ടു ഇരുചക്ര വാഹനം വെട്ടിതിരിക്കവേ പിന്നാലെ വന്ന കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ മരിച്ചു. മണലുവട്ടം സ്വദേശി അബ്ദുൽറഷീദാണ് (70) മരിച്ചത്. കടക്കല്‍ ക്രൈം സബ് ഇന്‍സ്പെക്ടര്‍ അജികുമാറും സംഘവും ദർഭകാടിന് സമീപം വാഹന പരിശോധന നടത്തവേയാണ് അബുദ് ൽറഷീദ് സമീപവാസിയുടെ ബൈക്കില്‍ അതുവഴിയെത്തിയത്.
പോലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് ബൈക്ക് വെട്ടിത്തിരിക്കവേ തൊട്ടുപിന്നാലെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് പിന്നിലിരുന്ന അബ്ദുൽറഷീദ് കാറിനു മുകളിലേക്കും തുടര്‍ന്ന് റോഡിലേക്കും വീണു.
കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽറഷീദിനെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇവിടെ നിന്നും മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാല്‍ സ്ഥിരമായി വളവ് ഭാഗത്ത് കടക്കല്‍ പോലീസ് നടത്തുന്ന വാഹന പരിശോധന ഇതിന് മുമ്പും അപടകങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പാണ് ഇതേ സ്ഥലത്ത് വാഹന പരിശോധനയുടെ പേരില്‍ പോലീസ് കാര്‍ തടയുകയും പിന്നാലെ എത്തിയ യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിന്റെ പിന്‍ഭാഗത്ത് ഇടിച്ചു അപകടം ഉണ്ടാകുകയും ചെയ്തത്.
വളവുകളിലോ കയറ്റങ്ങളിലോ ഇരുട്ടത്തോ വാഹന പരിശോധന പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് പോലീസ് സ്ഥിരമായി വളവില്‍ വാഹന പരിശോധന നടത്തുന്നത് .