പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പോലീസ് ചെയ്ത കാര്യങ്ങള്‍ വിവാദമാകുന്നു. ഒരു രാത്രിയും പകലുമാണ് പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവാവിനൊപ്പംപോയ പതിനാറു വയസുകാരിയെയാണ് ഒരു രാത്രിയും പകലും പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത്.
രാത്രിയില്‍ സ്റ്റേഷനില്‍ വനിതാപോലീസ് ഇല്ലായിരുന്നിട്ടു കൂടിയാണ് പെണ്‍കുട്ടിയെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയത്. പോക്സോ കേസില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്താന്‍ പാടില്ലെന്നും വീട്ടിലോ സുരക്ഷിതമായ സ്ഥലത്തോ പോലീസെത്തി മൊഴിയെടുക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടു. നഗരത്തിലെ സ്കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന മകളെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയിരുന്നു.
ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് ഇവരോടു മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുറത്തികാട് പോലീസ് പെണ്‍കുട്ടിയേയും യുവാവിനേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിക്കുകയും പെണ്‍കുട്ടിയെ 24 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ സ്റ്റേഷനില്‍ വയ്ക്കുകയുമായിരുന്നു.
കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണമെന്ന നിയമവും പാലിച്ചില്ല. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയപ്പോള്‍ ഡോക്ടര്‍ രക്തസമ്മര്‍ദം മാത്രമാണു പരിശോധിച്ചതെന്നും പരാതിയുണ്ട്. യുവാവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണു പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയതും തിരികെയെത്തിച്ചതും. മൊത്തത്തില്‍ യുവാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്.
പെണ്‍കുട്ടിയെ ചോദ്യം ചെയ്തതു പോലും യുവാവിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു.ഇത്തരത്തില്‍ മൊഴിയെടുക്കാന്‍ പാടില്ലെന്നാണു നിയമം. തുടര്‍ന്ന് പെണ്‍കുട്ടിക്ക് പരാതിയില്ലെന്നു പോലീസ് എഴുതിവാങ്ങുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ മൊഴിയെടുക്കുമ്പോള്‍ പോലീസ് വേഷത്തിലല്ലാത്ത വനിതാ പോലീസ് ഉണ്ടാകണമെന്ന നിയമവും ലംഘിക്കപ്പെട്ടു. പോക്സോ നിയമത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും പോലീസ് ശ്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്കു അയയ്ക്കുകയും ചെയ്തു. ചുരുക്കത്തില്‍ പറഞ്ഞാല്‍ നിയമത്തെയാകെ നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.