കോഴിക്കോട്: പോലീസ് ഓഫീസര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ച് ആരോപണമുന്നയിച്ച സ്ത്രീ. പരാതിക്കാരി ഹണിട്രാപ്പുകാരിയാണെന്ന് ആരോപണവിധേയനായ സിഐ വിനോദ് വലിയാറ്റൂരും നിയമപരമായി നേരിടുമെന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും എസ്പി സുജിത്ദാസും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോകുമെന്ന് പൊന്നാനി സ്വദേശിയായ സ്ത്രീ അറിയിച്ചത്.
മാധ്യമങ്ങള്‍ വഴി ആരോപണമുന്നയിച്ച ഇവര്‍ ഇന്നലെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ആരോപണ വിധേയരായ മൂന്ന് പോലീസ് ഓഫീസര്‍മാരും നേരത്തെ മലപ്പുറം ജില്ലയില്‍ ജോലി ചെയ്തിരുന്നവരാണ്. അന്ന് മലപ്പുറം എസ്പിയായിരുന്നു സുജിത്ദാസ്.
തിരൂരിലെ ഡിവെസ്പിയായിരുന്നു ബെന്നി. പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായിരുന്നു വിനോദ്. 2022 ഒക്ടോബറില്‍ സ്വത്തുതര്ക്കവമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ പരാതി നല്കിയ തന്നെ കേസ് അന്വേഷിക്കാന്‍ വന്ന സിഐ വിനോദ് പീഡിപ്പിച്ചെന്നാണ് സ്ത്രീ ഉറപ്പിച്ചുപറയുന്നത്. ഇതേക്കുറിച്ച് പരാതി നല്കിയപ്പോള് ഡിവൈഎസ്പി ബെന്നിയും ഇരുവര്‍ക്കുമെതിരേ പരാതി നല്കാന് എത്തിയപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി എസ്പിയും പീഡിപ്പിച്ചുവെന്ന് ഇവര്‍ പറയുന്നു.
ഇന്നലെ ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും നിയമപരമായി പോരാടുമെന്നും സ്ത്രീ പറയുന്നു. മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലും ആരോപണങ്ങള്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്.
സ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്നാണ് സൂചന. സ്ത്രീക്കു പിന്തുണയുമായി പി.വി. അന്‍വര്‍ എംഎല്‍എ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പൊന്നാനിയിലെ ഒരു സിപിഎം നേതാവിന്റെ വീട്ടില്‍വച്ച് ഇവര്‍ അന്‍വറുമായി ചര്‍ച്ച നടത്തിയിരുന്നു. പോലീസ് ഓഫീസര്‍മാര്‍ക്കെതിരായ പീഡനപരാതി വലിയ വാര്‍ത്തയായതോടെയാണ് സ്ത്രീക്കെതിരേ പോലീസ് ഓഫീസര്‍മാര്‍ രംഗത്തെത്തിയിരുന്നത്.
ഇവര്‍ ഹണിട്രാപ്പുകാരിയാണെന്നാണ് സിഐ വനോദ് വലിയാറ്റൂര്‍ ഇന്നലെ പ്രതികരിച്ചത്. പരാതിക്കാരിക്കെതിരേയും വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരേയും നിയമപരമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുടുംബം തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്നാണ് സുജിത്ദാസിന്റെ വാദം. മുട്ടില്‍മരംമുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായ ഗുഡാലോചനയാണു തനിക്കെതിരായ ആരോപണമെന്ന് ബെന്നിയും പറയുന്നു.