കായംകുളം: പോലീസ് സ്റ്റേഷന് നാലുകിലോമീറ്റർ ചുറ്റളവിൽ കെട്ടിടം വാടകക്കെടുത്ത് പോലീസിലേക്ക് ജോലിവാഗ്ദാനം ചെയ്ത് അഞ്ചാംഗ സംഘം തട്ടിപ്പ് നടത്തിയിട്ടും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്പെഷൽ ബ്രാഞ്ചിനും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല.
മൂന്ന് മാസത്തിലേറെയായി പട്ടാപകൽ പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെൻറ് നടത്തി സംഘം തട്ടിപ്പ് നടത്തിയിട്ടും ഇത് കണ്ടുപിടിക്കാൻ കഴിയാതിരുന്നത് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ജില്ലാ സ്പെഷൽബ്രാഞ്ച് എസ്ഐ ഉൾപ്പടെയുള്ളവർ കായംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പ് കേന്ദ്രം കണ്ടെത്താൻ കഴിയാതിരുന്നത് പോലീസിന് തീർത്തും മാനക്കേടായി.
നാട്ടുകാരിൽ ചിലർ നൽകിയ വിവരങ്ങളും തട്ടിപ്പിനിരയായ ചിലരുടെ പരാതിയും ലഭിച്ചതോടെയാണ് വൈകിയെങ്കിലും സംഘത്തെ പിടിക്കാൻ പോലീസിന് സഹായകമായത്. അല്ലെങ്കിൽ തട്ടിപ്പ് തുടരുകയും സംഘത്തിന്റെ കെണിയിൽ വീണവരുടെ എണ്ണം ഉയരുകയും ചെയ്തേനെ.