കായംകുളം : എത്ര തട്ടിപ്പുകൾ കണ്ടാലും ഉദ്യോഗാർഥികൾ പാഠം പഠിക്കുന്നില്ല എന്നതിന് തെളിവാണ് കായംകുളത്ത് പോലീസിൽ ജോലിവാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പ്. പോലീസിൽ ഒരു ജോലി മോഹിച്ച് ഉന്നത ബിരുദധാരികൾ ഉൾപ്പടെ നിരവധി പേരാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണത്.
കായംകുളത്ത് കഴിഞ്ഞ ദിവസം പിടിയിലായ കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ.പി.പോൾ (40) കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു(35), ആലപ്പുഴ കലവൂർ കുളങ്ങരയിൽ മനു (25), എറണാകുളം പൊന്നാരിമംഗലം പുളിത്തറയിൽ മനു ഫ്രാൻസിസ് (27), പത്തനംതിട്ട തീയാടിക്കൽ കണ്ടത്തിങ്കൽ സോണി തോമസ്(24) എന്നിവർ 2018 ൽ സമാനരീതിയിൽ കോട്ടയം കടുവാക്കുളത്ത് തട്ടിപ്പ് നടത്തി കോട്ടയം പോലീസിന്റെ പിടിയിലായവരാണ്.
ഈ കേസിൽ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ നിന്നും പുറത്തിറങ്ങി ഒരുവർഷം പിന്നിടുന്പോഴാണ് അടുത്ത തട്ടിപ്പിന് ഇവർ പിടിയിലാകുന്നത്. ഇത് പോലീസിനും മാനക്കേടായി.കോട്ടയത്ത് സംഘം ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ ആളുകളെ നിയമിക്കുന്നു എന്ന് വാട്സ് ആപ് വഴി സന്ദേശം പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പോലീസ് വേഷത്തിൽ കഴിഞ്ഞ വർഷം എത്തിയ സംഘം റിക്രൂട്ട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പോലീസിന്റെ ഒൗദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ ഇത് അനുവദിച്ചുനൽകി . തുടർന്ന് ഇവിടെ ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപയാണ് സംഘം ഒരാളിൽ നിന്ന് ഫീസായി ഈടാക്കിയത്.
പാന്പാടിയിലെ സ്കൂളിൽ റിക്രൂട്ട്മെന്റ് നടത്താനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും അവിടെ സൗകര്യമില്ലെന്ന് പറഞ്ഞ് കടുവാക്കുളം സ്കൂളിലെത്തുകയായിരുന്നു. പിഎസ്സിപരീക്ഷയ്ക്കു സമാനമായി ഒഎംആർ ഷീറ്റുകളിലായിരുന്നു പരീക്ഷ. ഇതിൽ നിന്ന് 14 പേരെ ’ഹെഡ് കോണ്‍സ്റ്റബിൾ’ തസ്തികയിലേക്കു തെരഞ്ഞെടുത്തു. ഇവർക്കായി കായിക പരിശീലനവും സംഘടിപ്പിച്ചു.
യൂണിഫോമിനെന്ന പേരിൽ ഒരാളിൽ നിന്ന് 3000 രൂപയും വാങ്ങി. ട്രാഫിക് ട്രെയിൻഡ് പോലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘത്തിലുള്ളവർ പോലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പോലീസ് ട്രെയിനിംഗ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു. സംഘത്തിലൊരാൾ ഡിഐജിയാണെന്നും മറ്റുള്ളവർ എസിപിയും സിഐയും എസ്ഐമാരും ആണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞത്.
സ്ത്രീകളും പോലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്. പോലീസിന്റെ വേഷമിട്ടു വന്ന സംഘാംഗങ്ങൾ മേലുദ്യോഗസ്ഥരുടെ വേഷമിട്ടവരെ കൃത്യമായി സല്യൂട്ടടിക്കുന്നതുൾപ്പടെ പോലീസിന്റെ പെരുമാറ്റ രീതികളും അഭിനയിച്ചു. ഇതൊക്കെ കണ്ടതോടെ ഉദ്യോഗാർഥികളും കെണിയിൽ വീണു. പെണ്‍കുട്ടികൾ അടക്കമുള്ളവർ പരീക്ഷയെഴുതാൻ എത്തിയിരുന്നു.
റിക്രൂട്ട്മെന്റ് അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ വ്യാജ ഉത്തരവ്, ലെറ്റർ പാഡ്, സീൽ എന്നിങ്ങനെ സാധാരണക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടതെല്ലാം തട്ടിപ്പുകാരുടെ കൈയിലുണ്ടായിരുന്നു. വ്യാജ ’എഎസ്പി’യായിരുന്നു ട്രാഫിക് ട്രെയിനിംഗ് പോലീസ് ഫോഴ്സിന്റെ മേധാവി. പരീക്ഷയും പരിശീലനവും നടക്കുന്നിടങ്ങളിൽ ഇടയ്ക്ക് ബീക്കണ്‍ ലൈറ്റ് വച്ച വാഹനത്തിൽ ’എഎസ്പി’ മിന്നൽ സന്ദർശനം നടത്താറുമുണ്ട്. അപ്പോഴൊക്കെ ’സിഐ’മാരും’എസ്ഐ’മാരും ഓടി വന്നു സല്യൂട്ട് ചെയ്യും. ഓരോ പ്രദേശത്തും റിക്രൂട്ട്മെന്റ് നടത്തും മുന്‍പ് പ്രദേശവാസികളിൽ ഒരാളെ സഹായിയായി കൂട്ടും.