പയ്യന്നൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയേയും യുവാവിനേയും കബളിപ്പിച്ച സംഭവത്തിലെ സിഐ ചമഞ്ഞയാള്‍ അറസ്റ്റില്‍. കുറ്റ്യാടി അടുക്കത്തെ കെ.എം.റഷീദ് (40) ആണ് അറസ്റ്റിലായത്. തട്ടിപ്പു സംഭവത്തില്‍ എസ്ഐ ചമഞ്ഞ കാസര്‍ഗോഡ് സ്വദേശി ശിഹാബ് പോലീസിന്റെ വലയിലായതാണ് സൂചന.
കഴിഞ്ഞ നവംബറില്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജില്‍ താമസിച്ചിരുന്ന കമിതാക്കളെ കബളിപ്പിച്ച് കോഴിക്കോടും മംഗലാപുരത്തും കൊണ്ടുപോയി താമസിപ്പിച്ച് അവരില്‍നിന്നും ഏഴ് പവന് സ്വർണവും പണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
തട്ടിപ്പിനിരയായ യുവതിയില്‍നിന്നും യുവാവില്‍ നിന്നും പോലീസ് ഇന്നലെ മൊഴിയെടുത്തിരുന്നു. പയ്യന്നൂര്‍ സിഐ ആയി അവതരിച്ച് തട്ടിപ്പ് നടത്തിയ റഷീദിനെ പരാതിക്കാര്‍ തിരിച്ചറിഞ്ഞു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണം പണയം വെച്ചതായും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ തന്നെയുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ന് കുറ്റ്യാടിയിലെത്തി തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ ഇയാളുടെ കൂടെ എസ്ഐ ചമഞ്ഞെത്തിയ കാസര്ഗോട്ടുകാരന് ശിഹാബാണ് പരാതിക്കാരുടെ കൈവശമുണ്ടായിരുന്ന പണമെടുത്തതെന്ന് പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി.ആസാദ് പറഞ്ഞു.
പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്ന അരിമ്പ്ര സ്വദേശിയും മാങ്കടവ് സ്വദേശിനിയുംകമിതാക്കളാണെന്ന് മനസിലാക്കിയാണ് ഇവരെ ഭീഷണിപ്പെടുത്തുകയും വിവാഹം കഴിക്കാനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞ് പയ്യന്നൂരിൽ നിന്നും കോഴിക്കോട്ടേക്കും പിന്നെ മംഗലാപുരത്തേക്കും കൊണ്ടുപോയത്.
മംഗലാപുരത്ത് നിന്നും രക്ഷപെട്ട ഇരുവരും പിന്നീട് വിവാഹിതരായ ശേഷമാണ് പരാതി നല്‍കിയത്.സംഭവ സ്ഥലം പയ്യന്നൂരിലായിരുന്നതിനാല് വളപട്ടണം പോലീസ് പിടികൂടിയ പ്രതികളെ പയ്യന്നൂര്‍ പോലീസിന് കൈമാറുകയായിരുന്നു.