കൊച്ചി: ഭര്‍ത്താവിനെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോകാനെത്തി സ്റ്റേഷനില്‍ ആത്മഹത്യാഭീഷണിയും അക്രമണവും നടത്തിയ യുവതി ഒളിവിലെന്നു സൂചന. സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി, സ്റ്റേഷന്റെ വാതില്‍ തകര്‍ത്തു, ഒപ്പമുണ്ടായ പിഞ്ചുകുട്ടികളെ വലിച്ചെറിയുന്ന വിധം പെരുമാറിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തതിനു പിന്നാലെയാണ് യുവതി ഒളിവില്‍ പോയത്.
തൃശൂര്‍ സ്വദേശിയായ ഷൈന്‍ മോള് എന്ന യുവതിക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും.ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ തന്നെ പോലീസ് മര്‍ദിച്ചെന്ന വ്യാജ പരാതി ഇവര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
യുവതിയുടെ പരാതി വ്യാജമാണെന്നും സ്റ്റേഷനില്‍നിന്ന് ഭര്‍ത്താവിനെ ഇറക്കിക്കൊണ്ടു പോകാനെത്തിയ ഇവര്‍ പിഞ്ചു കുഞ്ഞുങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കുകയും അക്രമം അഴിച്ചുവിടുകയുമാണ് ഉണ്ടായതെന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് അറിയിച്ചിരുന്നു. അതേസമയം നോര്‍ത്ത് പോലീസ് ഇന്സ്പെക്ടക്കെതിരേ യുവതിയുടെ വ്യാജ ആരോപണത്തില്‍ കഴമ്പില്ലെന്ന് സ്പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നാല് ദിവസം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ടാണ് യുവതിയുടെ ഭര്‍ത്താവ് ബെഞ്ചമിനെ പോലീസ് അറസ്റ്റു ചെയ്തത്. യൂണിഫോമില്ലാതെ എത്തിയ നാലു പേര് ബെഞ്ചമിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ഷൈമോള്‍ പറഞ്ഞത്. പിന്നാലെ താന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ തല്ലുന്നതാണ് കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും മര്‍ദിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
യുവതിയുടെ ഭര്‍ത്താവ് ബെന്‍ ജോസ് ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ താമസിക്കാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. മര്‍ദിക്കുന്നുവെന്ന് കാണിച്ച് ബെന്‍ ജോസിനെതിരേ ഭാര്യ ഷൈന്‍ മോള് തന്നെ പല തവണ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.