സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ഷെയർ ചെയ്യുകയാണെങ്കിൽ ഇത്തരം മെസേജുകളാണ് വാട്സാപ്പിലൂടെ ഷെയർ ചെയ്യേണ്ടത്. ആരാണെന്ന് പോലും തിരിച്ചറിയാതെ അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നിരുന്ന അജ്ഞാതരോഗിയെ തിരിച്ചറിയാൻ പോലീസിനും ബന്ധുക്കൾക്കും സഹായമായത് വാട്സാപ്പ് സന്ദേശങ്ങളായിരുന്നു. പാലക്കാട് പാലയക്കാവ് മലയൻകുഴിയിൽ ചാമിയുടെ മകൻ ശബരി(32) അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പേരോ വിലാസമോ അറിയാത്തതുകൊണ്ട് ശബരിയെ അജ്ഞാതരോഗികളുടെ ലിസ്റ്റിൽ പെടുത്തിയാണ് ചികിത്സിച്ചിരുന്നത്. ജീവൻ നിലനിർത്താൻ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ നൽകാൻ രോഗിയുടെ ബന്ധുക്കളുടേയോ അടുത്തയാളുകളുടേയോ രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമായിരുന്നു. ആരും കൂടെയില്ലാത്ത സാഹചര്യത്തിൽ ഇതെല്ലാം ഡോക്ടർമാർക്ക് തുടർചികിത്സക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
വാഹനാപകടത്തിൽ പറ്റിയ പരിക്കുകളാണ് ശബരിയുടെ ശരീരത്തിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെയല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 12നാണ് ശബരി ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചതെന്നും എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ശബരിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതിനിടെയാണ് ശബരിയുടെ സുഹൃത്തുക്കൾ ശബരിയെ കാണാനില്ലെന്ന സന്ദേശം വ്ാട്സാപ്പ് വഴി അയച്ചത്. ഗൾഫിലുള്ള സുഹൃത്തുക്കൾക്കടക്കം മെസേജ് കൈമാറി. ഗൾഫിലും നാട്ടിലും സുഹൃത്തുക്കൾ അന്വേഷണം തുടരുകയും വാട്സാപ്പ് മെസേജ് പരമാവധി ആളുകളിലേക്ക് കൈമാറുകയും ചെയ്തു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ വിനു എന്ന സിപിഒ തുടർച്ചയായി വന്ന ഈ മെസേജ് ശ്രദ്ധിക്കുകയും സന്ദേശത്തിൽ പറയുന്ന ആൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.
അജ്ഞാതരോഗികളുടെ പട്ടിക നോക്കി അവരെ തേടി വാർഡുകളിലും ഐസിയുവിലും തപ്പി നടന്ന വിനു അവസാനം ന്യൂറോ ഐസിയുവിൽ കിടക്കുന്ന ശബരിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ ശബരിയിൽ നിന്നും വിശദാംശങ്ങളൊന്നും ശേഖരിക്കാൻ വിനുവിന് കഴിഞ്ഞില്ല.
തുടർന്ന് വിനു തനിക്കുവന്ന വാട്സാപ്പ് നന്പറിലേക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ശബരിയുടെ ഗൾഫിലുള്ള സുഹൃത്ത് ശബരിയുടെ പാലക്കാട്ടുള്ള സഹോദരന്റെ നന്പർ വിനുവിന് കൈമാറി. ഇവരെ വിളിച്ച് വിനു വിവരങ്ങളറിയച്ചതിനെ തുടർന്ന് വീട്ടുകാർ മെഡിക്കൽ കോളജിലെത്തി.
ശബരിക്ക് എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും വീട്ടുകാരെത്തി ശബരിയെ തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർക്കും ആശ്വാസമായി. വാട്സാപ്പിൽ വരുന്ന അസംഖ്യം മെസേജുകൾക്കിടയിൽ വളരെ പ്രധാനപ്പെട്ട ഈ സന്ദേശം ശ്രദ്ധയിൽ പെടുകയും അതിനു പിന്നാലെ പോയി ശബരിയുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്ത വിനു എന്ന പോലീസുകാരനെ തേടി അഭിനന്ദനപ്രവാഹങ്ങളെത്തുന്നുണ്ട്.