പി. ജയകൃഷ്ണൻ
കണ്ണൂർ: മികച്ച ജില്ലാ പോലീസ് മേധാവി താനാണെന്ന് തെളിയിക്കാനുള്ള ഐപിഎസ് ഓഫീസർമാരുടെ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദത്തിന്റെ ഫലമായാണ് ക്രൂര കൃത്യങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപം.
പോലീസ് വാട്സ് ആപ് ഗ്രൂപ്പ് വഴി സേനയ്ക്കുള്ളിൽതന്നെയാണ് ഇതുസംബന്ധിച്ച പ്രചാരണം നടക്കുന്നത്.ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (എസ്എച്ച്ഒ) ടാർജറ്റ് നിശ്ചയിച്ച് നൽകുകയാണ്.
ടാർജറ്റ് കൈവരിക്കാനായില്ലെങ്കിൽ വയർലെസ് വഴിയും ഫോൺ മുഖാന്തരവും മാനസികമായി പീഡിപ്പിക്കുന്ന ഒട്ടേറെ ജില്ലാ പോലീസ് മേധാവികൾ ഇവിടെ ഉണ്ടെന്നാണ് പോലീസ് വാട്സ് ഗ്രൂപ്പിലുള്ളത്.
ആത്മാർഥതയും സത്യസന്ധതയും ഉള്ള പോലീസ് ഉദ്യോഗസ്ഥർ ടാർജറ്റ് കൈവരിച്ചില്ല എന്നതിന്റെ പേരിൽ മാത്രം മാനസിക പീഡനത്തിനിരയാക്കപ്പെടുകയാണ്.
ടാർജറ്റ് തികയ്ക്കാനുള്ള തത്രപ്പാടിനിടയിൽ ഡേ ഓഫ്, ലീവ് എന്നിവ ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഡിവൈഎസ്പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ.
ലീവ് ചോദിച്ചാൽ എത്ര എൻഡിപിഎസ് കേസ് എടുത്തു എന്ന ചോദ്യം ഭയന്ന് കീഴുദ്യോഗസ്ഥർ അവധി ചോദിക്കാൻ ഭയപ്പെടുന്നു.
ഇത്തരം മാനസിക സമ്മർദ്ദമാണ് അവരെ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്ന കുറ്റസമ്മതവും സന്ദേശത്തിലുണ്ട്.17
പോലിസ് സ്റ്റേഷനുള്ള കാസർഗോഡ് ജില്ലയിൽ ഒരു ദിവസം രണ്ട് എൻഡിപിഎസ് കേസ് പിടിക്കണമെന്നാണ് നിർദേശം. ടാർജറ്റ് പൂർത്തിയാക്കിയാൽ അഭിനന്ദനം ജില്ലാ പോലീസ് മേധാവിക്കും.
എന്നാൽ പുകവലിക്ക് പിടിക്കപ്പെട്ട നിരപരാധികൾ പോലും ഇതോടെ മയക്കുമരുന്ന് കേസിൽ ഉൾപെടുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്.
താഴെതട്ടിൽ മാനസികസമ്മർദം കുറച്ചു ഓഫും അവധിയും കൃത്യമായി കൊടുത്ത് ജോലിയെടുക്കാനുള്ള അന്തരീക്ഷം പോലീസ് സേനയിൽ ഉണ്ടായാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം.
അതിന് അതാത് ജില്ലാ പോലീസ് മേധാവികൾ തന്നെ വിചാരിക്കണം. പ്രാഗത്ഭ്യം തെളിയിക്കേണ്ടത് ജനങ്ങളുടെ നെഞ്ചിൽ കയറിയല്ല എന്ന സാമാന്യ തത്വം മനസിലാക്കിയാൽ നന്ന് എന്നു പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ഇതുപോലുള്ള പോലീസ് അതിക്രമങ്ങൾ സംസ്ഥാനത്തു അടിക്കടി വർധിച്ചു വരുന്പോൾ എല്ലാറ്റിനും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും, എൽഡിഎഫ് സർക്കാരുമാണെന്ന പ്രചാരണം നവ മാധ്യമങ്ങളും ദൃശ്യ – പത്ര മാധ്യമങ്ങളും എഴുതാൻ മത്സരിക്കുന്നുവെന്നും അത് സർക്കാരിന് തിരിച്ചടിയാകുന്നുവെന്നും പോലീസ് വാട്സ് ഗ്രൂപ്പിലുണ്ട്.