സീമ മോഹൻലാൽ
കൊച്ചി: നഗരത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി വിവിധ പോലീസ് സ്റ്റേഷനുകളിൽ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തം. നിലവിൽ എറണാകുളം സെൻട്രൽ, നോർത്ത്, സൗത്ത്, പാലാരിവട്ടം, പള്ളുരുത്തി, തോപ്പുംപടി, കടവന്ത്ര എന്നീ പോലീസ് സ്റ്റേഷനുകളിലണ് റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉള്ളത്. ജനമൈത്രി, റസിഡന്റ്സ് അസോസിയേഷൻ എന്നിങ്ങനെയാണ് വാട്സ്ആപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.
റസിഡന്റ് അസോസിയേഷൻ പരിധിയിൽ സംശയാസ്പദമായ സംഭവങ്ങൾ ഉണ്ടായാൽ ഫോട്ടോ സഹിതം പ്രദേശവാസികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ നോക്കാനായി പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സിഐ, എസ്ഐ, ബീറ്റ് ഓഫീസർമാർ എന്നിവർക്കാണ് ഇതിന്റെ ചുമതല.
ഈ വിവരങ്ങൾ സത്യമാണോയെന്ന് പരിശോധിച്ച് പോലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുണ്ടെന്ന് എസ്ഐമാർ പറയുന്നു. വീടുകളിൽ സ്റ്റിക്കർ പതിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വേണ്ടവിധത്തിൽ ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനായിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കൊച്ചി സിറ്റിയിലെ മറ്റു സ്റ്റേഷനുകളിലും ഇത്തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ പറഞ്ഞു.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ വ്യാപിപ്പിക്കാൻ ആലോചന
കെ.ലാൽജി
അസിസ്റ്റന്റ് കമ്മീഷണർ, കൊച്ചി സിറ്റി
കൊച്ചി സിറ്റിയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും പോലീസും റസിഡന്റ്സ് അസോസിയേഷനുകളുമായും സഹകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. സമൂഹമാധ്യമങ്ങളുടെ ഇടപെടലിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സർക്കാർ തലത്തിനായി ഇതിനായി സമ്മർദ്ദം ചെലത്തും.
വാട്സ്ആപ്പിനെ ക്രൈം സ്റ്റോപ്പറാക്കാം
ഡോ. സി.ജെ ജോണ്
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
പോലീസ് സ്റ്റേഷൻ മുൻകൈ എടുത്ത് ഓരോ ഏരിയ തിരിച്ചു വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കണം. പോലീസ് ഉദ്യോഗസ്ഥർക്കു പുറമേ സ്റ്റേഷൻ പരിധിയിൽ വരുന്ന റസിഡന്റ്സ് ഭാരവാഹികൾ, കച്ചവടക്കാർ, സാമൂഹിക പ്രതിബദ്ധതയു ള്ളവർ തുടങ്ങി കുറച്ചുപേരെ ഗ്രൂപ്പിൽ ഉൾപ്പെടുത്താം.
സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അവർ അതിൽ പോസ്റ്റ് ചെയ്യട്ടെ. ബീറ്റ് പോലീസ് ഉടൻ എത്തി വേണ്ട പരിശോധിക്കണം. ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്നു അറിയുന്പോൾ തന്നെ കുറ്റവാളികൾ ആ ഏരിയ വിട്ടോളും. പോലീസിന് അന്വേഷിച്ചു പോകേണ്ട പണി കൂടിയേക്കാം. പക്ഷെ ്രെകെം സ്റ്റോപ്പർ ഫലപ്രദമായി നടക്കും. എന്തൊക്കെയാണ് അറിയിക്കേണ്ടതെന്ന് ഒരു ബോധവൽക്കരണം കൂടി നൽകിയാൽ മതിയാകും.