ആലുവ: “കല്യാണം മുടക്കികൾ’ കവലകൾ വിട്ട് ഫേസ്ബുക്കിൽ സജീവമാകുന്നു. വിവാഹം നിശ്ചയിച്ചിരിക്കുന്നവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ആരംഭിച്ച് തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതികൾ ഉയർന്നിരിക്കുന്നത്.
എറണാകുളം റൂറൽ ജില്ലയിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്നത്. പ്രധാനമായും പെൺകുട്ടികൾക്കാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാകുന്നത്.
പ്രൊഫൈൽ ഫോട്ടോ ഡൗൺലോഡ് ചെയ്ത് അതേ വിശേഷങ്ങൾ ചേർത്ത് ഒറിജിനലിനെ വെല്ലുവിളിച്ചാണ് പോസ്റ്റ് ഇടുന്നത്. ജനനത്തീയതിയടക്കം എല്ലാ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമാണ് താനും.
കല്യാണം നിശ്ചയിച്ചിരിക്കുന്ന വരന്റെയോ വധുവിന്റെയോ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി വ്യാജ പ്രൊഫൈലിലൂടെ അതിരുകടന്ന് കമന്റ് ചെയ്യുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ചിലർ ഇക്കാരണത്താൽ വിവാഹാലോചന ഉപേക്ഷിക്കുകയും ചെയ്യും. സംശയം തോന്നുന്നവർ തുറന്നു സംസാരിച്ചാൽ മാത്രമേ ബന്ധപ്പെട്ട കുടുംബങ്ങൾക്ക് കാര്യം മനസിലാക്കി സത്യം തുറന്നു പറയാനും കഴിയൂ.
കമന്റുകൾ പറയാനായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ കാര്യം കഴിഞ്ഞ് ഉപേക്ഷിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. അതിനാൽ സംശയം തോന്നുന്ന പോസ്റ്റുകളുടെ ലിങ്ക് കോപ്പി ചെയ്ത് സൂക്ഷിക്കാനാണ് റൂറൽ പോലീസ് പറയുന്നത്.
പരാതിയോടൊപ്പം സ്ക്രീൻ ഷോട്ടും വയ്ക്കണം. സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനാകുമെന്ന് റൂറൽ പോലീസ് അറിയിച്ചു.