കോഴിക്കോട്: പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്കു തുണയാകും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂരസ്ഥലങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് അടുത്ത ബന്ധുക്കളോടു സംസാരിക്കാന്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നല്കി.
വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തരമായി കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഐജിക്കും ടെലികമ്യൂണിക്കേഷന്‍ എസ്പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ കളക്ടറുമായി ബന്ധപ്പെടാം.
റോഡ് തടസങ്ങളും മരം വീണു കിടക്കുന്നതും മറ്റും നീക്കാൻ ശ്രമം തുടരുകയാണ്. നിർമാണ മേഖലകളില്‍നിന്ന് ഉള്‍പ്പെടെ മണ്ണുമാന്തിയും മറ്റു യന്ത്രങ്ങളും ലഭ്യമാക്കി തടസം നീക്കാൻ പോലീസ് എല്ലാ സഹായവും നല്‍കും. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂർണസഹകരണവും ഉറപ്പാക്കും.