മാതൃസ്നേഹത്തോളം പകരം വയ്ക്കാൻ മറ്റൊന്നുമില്ല ഈ ലോകത്ത്. കുഞ്ഞ് കരഞ്ഞാൽ ഏതൊരമ്മയ്ക്കും കണ്ടില്ലെന്ന് നടിക്കാതിരിക്കാനുമാകില്ല. അവർ എത്ര തിരക്കാണെങ്കിലും. അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ചൈനീസ് പോലീസുദ്യോഗസ്ഥ.
ചൈനയിലെ ഷാംഗ്സി പ്രവിശ്യയിലാണ് സംഭവം നടന്നത്. ലിന ഹോ എന്ന പോലീസ് ഉദ്യോഗസ്ഥ കോടതി മുറിയിലെ ജോലിക്കിടെയാണ് വിചാരണ നേരിടുന്ന ലീ എന്ന സ്ത്രീയുടെ കുഞ്ഞ് കരയുന്നത് ശ്രദ്ധിച്ചത്. സഹതാപം തോന്നിയ ഇവർ ഈ സ്ത്രീയോട് അനുവാദം വാങ്ങി കുട്ടിക്ക് മുലപ്പാൽ നൽകുകയായിരുന്നു.
ഒരു സ്ഥാപനത്തിന്റെ പേരിൽ അനധികൃതമായി പണമിടപാട് നടത്തിയതിന്റെ പേരിൽ ജയിലിലായ 34 അംഗ സംഘത്തിലെ ഒരാളാണ് ലീ. കോടതിമുറിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.