കാസര്‍ഗോഡ്: മഞ്ചേശ്വരം എസ്ഐയുടെ കൈ തല്ലിയൊടിച്ച കേസില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍. മഞ്ചേശ്വരം ഡിവിഷന് മെമ്പറും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാനെ (34)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ റഷീദ്, അഫ്സല് എന്നിവരെയും മറ്റു രണ്ടുപേർക്കായും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
റഹ്മാനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഉപ്പള ഹിദായത്ത് നാഗറില് ഞായറാഴ്ച പുലര്‍ച്ചെ പെട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം എസ്ഐ പി.അനൂപിനും സംഘത്തിനും നേരെയാണ് അക്രമമുണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മൂന്നംഗ സംഘം എസ്ഐയെയും പോലീസുകാരെയും അക്രമിക്കുകയായിരുന്നു.സംഭവം നടന്ന ദിവസം ടര്‍ഫില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നുപേരുമായി എസ്ഐ തര്‍ക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പ്രശ്നം വഷളാകുന്നത് കണ്ട് താന്‍ പെട്ടെന്ന് അവിടെനിന്നും പോകുകയാണ് ചെയ്തതെന്നും എസ്ഐയെ ആക്രമിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അബ്ദുള്‍ റഹ്മാന് പറഞ്ഞു.
അസുഖം കാരണം താന്‍ മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും ഡോക്ടര്‍ വ്യായാമം ചെയ്യണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫ് ഗ്രൗന്‍ഡില്‍ രാത്രി കളിക്കാന്‍ പോകാറുണ്ടെന്നും ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ഒരു ജന പ്രതിനിധിക്കും പോലീസുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും റഹ്മാന് വ്യക്തമാക്കി.