നെടുങ്കണ്ടം: ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കുമളി – മൂന്നാർ സംസ്ഥാനപാതയിൽ കൈലാസപ്പാറയിലെ പൊന്തക്കാട്ടിൽ എത്തിച്ച് മർദിച്ചതായി ആരോപണം. മൈലാടുംപാറ നിലുവിളയിൽ സതീഷ് കുമാർ (38) ആണ് പരാതിക്കാരൻ. കഴിഞ്ഞ 19-നാണ് സംഭവം.
ഭൂമി അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ വൈകുന്നേരം നാലിന് സതീഷിനെതേടി പോലീസെത്തിയെങ്കിലും ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് 6.30-ഓടെ വീണ്ടും സ്ഥലത്തെത്തിയ പോലീസ് വീട്ടിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്ന തന്നെ കോളറിൽ പിടിച്ചു വലിച്ചിറക്കി മുഖത്തടിക്കുകയും നിലത്തിട്ട് ഉരുട്ടുകയും ചെയ്തതായി സതീഷ് പരാതിയിൽ പറയുന്നു.
തുടർന്ന് ജീപ്പിൽ കയറ്റി ഉടുന്പൻചോല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സതീഷ് മദ്യപിച്ചിരുന്നതിനാൽ വൈദ്യപരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിശോധന പൂർത്തിയാക്കിയശേഷം തിരികെ മടങ്ങുന്നതിനിടെ ഷുഗർ കുറഞ്ഞതിനാൽ തലകറക്കം അനുഭവപ്പെട്ടു. ചോക്ലേറ്റോ മധുരമുള്ള എന്തെങ്കിലുമോ വാങ്ങിത്തരണമെന്ന് സതീഷ് ആവശ്യപ്പെട്ടെങ്കിലും പോലീസ് തയാറായില്ല.
കൈലാസപ്പാറയിൽ എത്തിയപ്പോൾ പ്രാഥമികാവശ്യം നിറവേറ്റണമെന്നു സതീഷ് ആവശ്യപ്പെട്ടു. ഈ സമയത്താണ് സതീഷിനെ പൊന്തക്കാട്ടിൽ കൊണ്ടുപോയി ഫൈബർ ലാത്തി ഉപയോഗിച്ച് പുറത്തടിച്ചത്. സതീഷ് കുഴഞ്ഞുവീണതോടെ പോലീസുകാർ മർദനം നിർത്തി വാഹനത്തിൽ കയറ്റി ഉടുന്പൻചോല സ്റ്റേഷനിൽ എത്തിച്ചു. രാത്രി 8.30-നു പ്രദേശവാസികളുടെ കൂടെ സതീഷിനെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ആരോഗ്യനില വഷളായതോടെ സതീഷ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് തമിഴ്നാട്ടിലെ തേവാരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറി. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നു സതീഷ് പറഞ്ഞു. എന്നാൽ ആരോപണം ഉയർന്നതോടെ മർദനത്തെക്കുറിച്ച് മൂന്നാർ ഡിവൈഎസ്പി സതീഷിന്റെ മൊഴി രേഖപ്പെടുത്തി. മൊഴിയിൽ പോലീസ് മർദനമുണ്ടായെന്നു സതീഷ് പറഞ്ഞിട്ടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യലഹരിയിൽ പോലീസ് സംഘത്തെ സതീഷ് ആക്രമിച്ചെന്നുമാണ് ഉടുന്പൻചോല പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെതുടർന്ന് ജിഡി രജിസ്റ്ററിൽ പേര് ചേർക്കാത്തതിനാലും രാത്രികാല പരാതികളിൽ അന്വേഷണം നടത്തുന്നില്ലെന്ന പരാതിയിലും ഉടുന്പൻചോല എഎസ്ഐ റെജിയെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.