ചെറുതോണി: ഇടുക്കി ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ഒാട്ടം ഏതു നിമിഷവും നിലയ്ക്കുമെന്ന് ആശങ്ക.
വാഹന സൗകര്യം പോലും പരിമിതമായ ജില്ലയിൽ പോലീസ് ഒാടിയെത്തേണ്ട നിരവധി മേഖലകളുള്ള ജില്ലയിലാണ് പോലീസ് വണ്ടികളുടെ ഒാട്ടം തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്.
പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഡീസൽ നൽകിയ വകയിൽ ലഭിക്കാനുള്ള ലക്ഷങ്ങൾ ഏറെ നാളായി കുടിശികയായതോടെ പന്പുടമകൾ പോലീസ് സ്റ്റേഷനുകളിലേക്കുള്ള ഇന്ധന വിതരണം നിർത്താൻ ആലോചിക്കുന്നതാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് അതതു സ്റ്റേഷൻ പരിധിയിലുള്ള പെട്രോൾ ഡീസൽ പന്പുകളിൽനിന്നു ഡീസലടിക്കാനാണ് നിർദേശമുള്ളത്.
ഇങ്ങനെ ഡീസൽ നൽകിയ പന്പ് ഉടമകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മൂന്നും നാലും മാസത്തെ തുകയാണ് പന്പുടമകൾക്കു ലഭിക്കാനുള്ളത്.
ഓരോ മാസത്തെയും ബില്ലുകൾ പിറ്റേ മാസം അഞ്ചിനകം പൈനാവിലുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ നൽകണമെന്നാണു വ്യവസ്ഥ .
ബില്ലുകൾ പരിശോധിച്ചു കൃത്യമാണന്നുറപ്പ് വരുത്തി എസ്പി ഓഫീസിൽ നൽകും. അവിടെനിന്നാണ് തുക പാസാക്കി പന്പുടമകൾക്കു നൽകുന്നത്.
അതതു മാസം ബിൽ നൽകുന്നുണ്ടെങ്കിലും പണം കിട്ടുന്നില്ലെന്നു പന്പുടമകൾ പറയുന്നു.
ജീവനക്കാരില്ലെന്നു പോലീസ്
ഒാരോ മാസവും കിട്ടുന്ന ബില്ലുകൾ പരിശോധിച്ചു പാസാക്കിക്കൊടുക്കാൻ കാലതാമസമെടുക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണത്രേ കാരണം.
രണ്ടോ മൂന്നോ ജീവനക്കാരാണ് ഇതിനായി ഉള്ളത്. മുല്ലപ്പെരിയാറടക്കം 29 സ്റ്റേഷനുകളിലെ ബില്ലുകളാണ് പരിശോധിച്ചു നൽകേണ്ടത്.
ഓരോ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ടു വാഹനങ്ങൾ വീതമുണ്ട്. ജില്ലയിൽ എല്ലാം കൂടി നൂറിലധികം വാഹനങ്ങളാണു പോലീസ് വകുപ്പിനുള്ളത്.
ഒരു വാഹനത്തിന് മാസം 250 ലിറ്റർ ഡീസലാണ് അനുവദിച്ചിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിലും മറ്റും 500 ലിറ്ററിനു മേൽ ഡീസലാവശ്യമായി വരുന്ന പോലീസ് സ്റ്റേഷനുകളുമുണ്ട്.
ഇതുവരെ 40 ലക്ഷത്തോളം രൂപ പന്പുടമകൾക്ക് ലഭിക്കാനുണ്ടെന്നു പറയുന്നു. പോലീസിന്റെ പണം ലഭിക്കാതായതോടെ പന്പുകളുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു.
കാലവർഷമാരംഭിച്ചതോടെ പോലീസ് വാഹനങ്ങളുടെ ആവശ്യവും ഏറിയിരിക്കുന്നതിനിടയിലാണ് ഈ പ്രതിസന്ധി.