കര്‍ണാടകയില്‍ കഴിഞ്ഞദിവസം ഗണപതി വാഗ് മോര് എന്ന മോഷ്ടാവിനെ അവിടത്തെ പോലീസ് പിടികൂടി. പോത്തുകളെ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പ്രതിയെ പിടികൂടുന്നത് ഇപ്പോഴാണെങ്കിലും മോഷണം നടന്നത് 58 വര്‍ഷം മുമ്പായിരുന്നു. മോഷണം നടക്കുമ്പോള്‍ വാഗ് മോറിന് പ്രായം ഇരുപത്. ഇപ്പോള്‍ വയസ് 77.
മുരളീധര്‍ കുല്‍ക്കര്‍ണി എന്ന കര്‍ഷകന്റെ രണ്ട് പോത്തുകളും ഒരു പശുക്കിടാവുമാണ് മോഷണം പോയത്. 1965 ഏപ്രിൽ 25നായിരുന്നു സംഭവം. ഈ കേസിലെ മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ കിഷൻ 2020ല്‍ മരിച്ചു. ഏതാനും മാസം മുമ്പ് പരാതിക്കാരനും മരിച്ചു.
മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിലാണ് മുരളീധര്‍ പരാതി നല്‍കിയിരുന്നത്. പ്രതി കര്‍ണാടകയിലെ മെഹ്കര്‍ ഗ്രാമത്തില്നിന്നുള്ളയാളായതിനാല് കേസ് കര്‍ണാടക പോലീസിനു കൈമാറി. എന്നാൽ അന്വേഷണം മുന്നോട്ടു പോയില്ല. കേസ് ഫയലിൽ ഒതുങ്ങി.
ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീർപ്പാക്കാന്‍ അടുത്തിടെ കർണാടക പോലീസ് സൂപ്രണ്ട് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പഴയ കേസുകൾ പൊടിതട്ടിയെടുത്ത് പ്രതികൾക്കായി തെരച്ചിൽ നടത്തിയപ്പോഴാണു പഴയ പോത്ത് മോഷ്ടാവ് കുടുങ്ങിയത്.
മെഹ്കര്‍ പോലീസ് നടത്തിയ തെരച്ചിലിൽ മഹാരാഷ്ട്രയിലെ ലാത്തൂര്‍ താലൂക്കിലെ തകലാഗാവ് ഗ്രാമത്തില്‍നിന്നാണ് പ്രതി പിടിയിലായത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികള്‍ കൂലിപ്പണിക്കാരായിരുന്നു.