കോട്ടയം: ഉദ്യോഗസ്ഥർ കൈകാണിച്ചു നിർത്തി വാഹനപരിശോധന ഇനി ഉണ്ടാകില്ല. നിയമലംഘനം നടത്തുന്ന ഉടമകളെ തേടി പിഴ അടയ്ക്കാനുള്ള ചെല്ലാൻ മൊബൈൽ ഫോണിലൂടെ മെസേജായി എത്തും.
അനധികൃത പാർക്കിംഗ്, ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര, രജിസ്ട്രേഷൻ നന്പറുകൾ ശരിയായ വലുപ്പത്തിൽ രേഖപ്പെടുത്താതിരിക്കുക തുടങ്ങി എന്തുതന്നെയായാലും പോലീസോ, മോട്ടോർ വാഹനവകുപ്പോ നിങ്ങളെ തടഞ്ഞുനിർത്തി പിഴ അടയ്ക്കുന്ന രീതിക്കു മാറ്റം വന്നിരിക്കുന്നു.
കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനുമായി ബന്ധിപ്പിച്ച് ഇ-ചെല്ലാൻ ആപ്ലിക്കേഷനും പിഴ ഒടുക്കാൻ ഇ-പോസ് ഉപകരണവും ലഭ്യമായതിനെത്തുടർന്നാണു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വാഹന പരിശോധ കർശനമാക്കിയത്.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രം വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധനയ്ക്കു വിധേയമാക്കിയാൽ മതിയെന്ന നിർദേശം നൽകിയിരിക്കുന്നതിനാൽ നിയമ ലംഘനത്തിന്റെ ഫോട്ടോ സഹിതം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടും. വാഹനം നിർത്തി പരിശോധിക്കാതെയാണ് കേസുകൾ രജിസ്റ്റർ ചെയ്യുക.
കേസ് സംബന്ധിച്ച അറിയിപ്പ് വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി ഫോണ് നന്പറിൽ ലഭിക്കും. നിലവിൽ ഫോണ് നന്പറുകൾ നൽകിയിട്ടില്ലാത്ത വാഹന ഉടമകൾക്ക് വാഹൻ സൈറ്റിൽ മൊബൈൽ ഫോണ് നന്പർ സ്വന്തമായോ, അക്ഷയ കേന്ദ്രം വഴിയോ ഇ-സേവ കേന്ദ്രം വഴിയോ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
മൊബൈൽ നന്പറുകൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് അവിചാരിതമായി ചിലപ്പോൾ ഒരേ നിയമ ലംഘനം തന്നെ പല ദിവസം ആവർത്തിച്ചാൽ ഭീമമായ തുക പിഴ അടയ്ക്കേണ്ടതായി വന്നേക്കാം.
ഫോട്ടോ സഹിതം വാഹനത്തിലെ രജിസ്ട്രേഷൻ നന്പർ പരിശോധനയ്ക്കായുള്ള മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്പോൾ തന്നെ വാഹനത്തിന്റെ ഇൻഷ്വറൻസ്, ടാക്സ്, രജിസ്ട്രേഷൻ കാലാവധി, പെർമിറ്റ് തുടങ്ങിയ വിവരങ്ങളെല്ലാം ഇ-ചെല്ലാൻ ആപ്ലിക്കേഷനിൽ ലഭ്യമാവുന്നതാണ്.
കേസുകൾ വരുന്നത് ഇങ്ങനെ…
അനധികൃത പാർക്കിംഗ്, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര, രജിസ്ട്രേഷൻ നന്പറുകൾ ശരിയായ വലിപ്പത്തിലും രീതിയിലും പ്രദർശിപ്പിക്കാത്തത്, കോവിഡ് മാനദണ്ഡം അനുസരിച്ച് ഡ്രൈവർ കാബിൻ വേർതിരിക്കാത്ത ടാക്സി വാഹനങ്ങൾ, കൂളിംഗ് ഫിലിം ഉപയോഗിക്കുന്ന കാറുകൾ, അനധികൃത മാറ്റം വരുത്തിയ വാഹനങ്ങൾ, അനധികൃത ബോർഡുകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾ, ചരക്കു വാഹനങ്ങളുടെ ലോഡ് ബോഡിയിൽ യാത്രക്കാരെ കയറ്റിയത് എന്നിങ്ങനെ ഏതു ക്രമക്കേടും വാഹനം നിർത്തി പരിശോധിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിംഗ് ആർടിഒ ടോജോ എം. തോമസ് പറഞ്ഞു.
ഇ-ചെല്ലാൻ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക
പിഴത്തുക ഓണ്ലൈനായി https://e-challan.parivahan. gov.in/index/accused-challan എന്ന സൈറ്റിൽ അടച്ചു തീർക്കാവുന്നതാണ്.
ഇതോടൊപ്പം മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്താൽ കേസ് വിവരങ്ങൾ സംബന്ധിച്ച് മെസേജുകൾ ലഭിക്കും.
മൊബൈൽ നന്പർ അപ്ഡേഷൻ: parivahan.gov.in>>onlin services>> vehicle related servi ces>>other states>>update mobile number.