ന്യൂഡൽഹി: പുതിയ ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചുമത്തുന്ന വൻപിഴകളിൽ നട്ടംതിരിഞ്ഞ് പൊതുജനം. പല കുറ്റങ്ങൾക്കും കൂടിയ തുക പിഴയുള്ളപ്പോൾ പ്രധാന കുറ്റം മാത്രം ചുമത്തിയാൽ പോരേ എന്നാണ് ജനങ്ങ ളുടെ ചോദ്യം. പല കുറ്റങ്ങൾ ഒന്നിച്ചു ചുമത്തുന്നതു ശരിയല്ലെന്ന് അവർ പറയുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പുതിയ ഗതാഗത നിയമമനുസരിച്ചുള്ള ഏറ്റവും കൂടിയ തുകയ്ക്കുള്ള ചെലാൻ പ്രിന്റ് ചെയ്തത്. 59,000 രൂപയാണ് രാം ഗോപൽ എന്ന ട്രാക്ടർ ഡ്രൈവർക്ക് പിഴയായി ചുമത്തിയത്.
ട്രാക്ടറിന്റെ പുറകിൽ ഘടിപ്പിച്ച ട്രോളിയിൽ ഇഷ്ടികയുമായി വരുകയായിരുന്നു രാംഗോപാൽ. ട്രാഫിക് സിഗ്നൽ മറികടന്ന് വരുന്നതിനിടെയാണ് ഉദ്യോഗസ്ഥർ വണ്ടി നിർത്താൻ ആവിശ്യപ്പെട്ടത്. എന്നാൽ രാം ഗോപാൽ വണ്ടി നിർത്തിയില്ല. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം പിന്തുടർന്ന് പിടികൂടി. 10 ഗതാഗത നിയമങ്ങളാണ് രാം ഗോപാൽ ലംഘിച്ചതായി ഉദ്യോഗസ്ഥർ കണ്ടത്തിയത്.
ലൈസൻസില്ലാതെ വണ്ടിയോടിച്ചു, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തേഡ് പാർട്ടി ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,പുക സർട്ടിഫിക്കറ്റ് എന്നിവയില്ല. കൂടാതെ അപകടകരമായ ഡ്രൈവിംഗ്, അപകടകരമായ വസ്തുക്കൾ വാഹനത്തിൽ കയറ്റി, പോലീസിന്റെ നിര്ദേശം ലംഘിച്ചു, ട്രാഫിക് സിഗ്നൽ ലംഘിച്ചു, മഞ്ഞലൈറ്റ് മറികടന്നു എന്നീ നിയമങ്ങൾലംഘിച്ചതിനാണ് പിഴ ചുമത്തിയത്. രേഖകൾഹാജരാക്കിയാൽ പിഴ കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. പലേടത്തും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനും പുതിയ പിഴ ചുമത്തൽ രീതി ഇടയാക്കി.
മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി സെപ്റ്റംബർ ഒന്നിനാണ് രാജ്യത്ത് നിലവിൽ വന്നത്. ഇതിനുശേഷമുള്ള ആദ്യദിനം മാത്രം 3900 നിയമ ലംഘനങ്ങൾക്കാണ് ഡൽഹി പോലീസ് പിഴ ചുമത്തിയത്. സമാനമായ നിയമലംഘനങ്ങൾക്ക് സെപ്റ്റംബർ ഒന്നിനു മുൻപ് വരെ 4700 മുതൽ 6700 രൂപ വരെയാണ് പിഴയായി ഈടാക്കിയിരുന്നത്. അതേസമയം തെലുങ്കാനയിൽ സർക്കാർ പുതിയ ഗതാഗതം നിയമം നടപ്പിലാക്കിയിട്ടില്ല.
ഇതുസംബന്ധിക്കുന്ന ഉത്തരവ് ഇതുവരെ സർക്കാർ പുറത്തിറക്കിയിട്ടില്ലെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി. രാജസ്ഥാൻ സർക്കാർ ഹെൽമറ്റ് ഉപയോഗിക്കാത്ത ആളുകൾക്ക് 1000 രൂപ പിഴ ഈടാക്കിയ ശേഷം സൗജന്യമായി ഹെൽമറ്റ് നൽകനാണ് നീക്കം.