കോഴിക്കോട്: സര്‍ക്കാരിനെതിരായ പ്രത്യക്ഷസമരത്തില്‍ നിന്നു പിന്മാറി പ്രതിപക്ഷം തടിയൂരിയപ്പോള്‍ പെട്ടത് പോലീസ് ഏമാന്മാര്. സമരം ‘നല്കിയ’ കോവിഡില്‍ പകച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ പോലീസ് സേന.
കോഴിക്കോട് കണ്ട്രോള് റൂമില്‍ മാത്രം എട്ടോളം പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചതായാണ് വിവരം. കോഴിക്കോട് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 11 പേര്ക്കുംകോവിഡ് സ്ഥരീകരിച്ചു.
നിലവിലെ സാഹചര്യത്തില്‍ പോലീസുകാര്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരവും ഓണാഘോഷങ്ങളുമാണ് നിലവില്‍ സംസ്ഥാനത്ത് കോവിഡ് കുതിച്ചുകയറാന്‍ കാരണമായതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ഈ വേളകളിലെല്ലാം തന്നെ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. മാത്രമല്ല നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പരിശോധനയും തകൃതിയായി നടന്നു.
മാസ്ക് ധരിക്കാത്തവരോട് നേരിട്ട് സംസാരിക്കേണ്ടഅവസ്ഥയും പോലീസിന് മേല്‍ വന്നുചേര്‍ന്നു.
കോവിഡ് രോഗം ബാധിച്ചവരുടെ കോണ്ടാക്റ്റ് ട്രേസിംഗിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിനും രൂപം നല്‍കുകയും ചെയ്തു.
ഇതിനിടയിലാണ് സമരകൊലാഹലങ്ങള് അരങ്ങേറിയത്. വനിതാപോലീസുകാരെ ഉള്‍പ്പെടെ സമരക്കാരെ നേരിടാന്‍ ഉപയോഗിക്കേണ്ടിവന്നു.
ഇപ്പോള്‍ ആള്‍ക്കൂട്ടസമരം പ്രതിപക്ഷം നിര്‍ത്തിയത് ഇവര്‍ക്ക് ആശ്വാസമായെങ്കിലും പലരും പരിശോധനയ്ക്ക് വിധേയരായിരിക്കുകയാണ്.
കോവിഡ് കാലത്തും അഹോരാത്രം പണിയെടുപ്പിച്ചതില്‍ അഭ്യന്തരവകുപ്പിനെതിരേ പോലീസിലെ ഒരുഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ഇതിന്റെ ബാക്കിപത്രമാണ് 19 പേര്‍ക്ക് കോവിഡ് വന്നതെന്നാണ് ഇവര്‍ പറയുന്നത്.