സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ തിരഞ്ഞ് പോലീസ് നായ എത്തിയത് വാറ്റ് നിര്‍മാണകേന്ദ്രത്തില്‍.
കള്ളനെ കിട്ടിയില്ലെങ്കിലും വാറ്റിയ ചാരായവും വാഷും പോലീസ് പിടികൂടി. ആളൂര്‍ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയില് ജോയിയുടെ വീട്ടില്‍ നടന്ന മോഷണത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വാറ്റ്കളത്തില് എത്തിയത്.
ജോയിയും ഭാര്യയും ഉറങ്ങിക്കിടക്കുന്ന സമയം മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോകുകയായിരുന്നു.
ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമിലേക്കായിരുന്നു.
പിന്നാലെയെത്തിയ പോലീസ് അവിടെ കണ്ടതാവട്ടെ അനധികൃതമായ വാറ്റ് നിര്‍മ്മാണവും. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരന് ഓടി രക്ഷപ്പെട്ടു.
സമീപത്തുള്ള ചതുപ്പില്‍ ഇയാള്‍ ചാടിയെന്ന സംശയത്താല്‍ പോലീസ് ഈ പ്രദേശത്ത് തെരച്ചില്‍ നടത്തി.
രാത്രി ഒമ്പത് മണിയോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി എങ്കിലും വീണ്ടും രക്ഷപ്പെട്ടതായി പോലീസില്‍ വിവരം ലഭിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് മോഷണം ജോയിയുടെയും കുടുംബത്തിന്റയും ശ്രദ്ധയില്‍പ്പെടുന്നത്.
രാവിലെ വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടതോടെയാണ് സംശയം തോന്നി പരിശോധിച്ചത്. വീടിനു മുന്നിലെ ജനലിന്റെ കുറ്റി ഇളക്കി മാറ്റിയ നിലയിലായിരുന്നു.
വാതിലിന്റെ സുരക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന ഇരുമ്പുപട്ട ജനലിലൂടെ നീക്കിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വാതിലിന്റെ മറ്റു പൂട്ടുകള്‍ പൂട്ടിയിരുന്നില്ല. അലമാരിയില്‍ തന്നെയായിരുന്നു താക്കോല്‍ ഉണ്ടായിരുന്നത്.
കുടുംബാംഗങ്ങളുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി കാമറകളും മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിക്കും.
വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ആളൂര്‍ എസ്എച്ച്ഒ. എം ബി സിബിന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
20 ലിറ്റര്‍ വീതം മദ്യവും വാഷും വാറ്റ് നിര്‍മ്മാണ സ്ഥലത്ത് നിന്ന് പോലീസ് പിടികൂടി.