മേലൂർ
മേലൂർ: അതിഥി തൊഴിലാളികൾക്കു മാനസികോല്ലാസത്തിനു മേലൂരിൽ ഗാനമേളയൊരുക്കി കൊരട്ടി പോലീസ്. ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരിക്കുന്ന അതിഥി തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമായിട്ടാണു പോലീസ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.
സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്നതു മൂലം ജനങ്ങളിൽ ഉണ്ടാവുന്ന വിരസതയും മാനസിക പിരിമുറുക്കവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു മേലൂർ പാലമുറിയിൽ ഗാനമേള ഒരുക്കിയത്.
പോലീസിലെ ഗായകരാണ് അതിഥി തൊഴിലാളികൾക്കായി ഗാനങ്ങൾ ആലപിച്ചത്. ഗാനമേളക്കെത്തിയ എല്ലാവരെയും ഒരു മീറ്റർ വീതം മാറ്റി നിർത്തിയിരുന്നു. കൂടാതെ മാസ്ക്കും വിതരണം ചെയ്തിരുന്നു.
കൊരട്ടി സിഐ ബി.കെ. അരുണ്‍, എസ്ഐ സി.ഒ. ജോഷി, എഎസ്ഐമാരായ പ്രദീപ്, സെബി, സിപിഒ സിജു എന്നിവർ പങ്കെടുത്തു. സിപിഒ ടി.ജി. മനോജ്, ശ്യാം പി. ആന്റണി, കലാഭവൻ മനോജ് ചാലക്കുടി ചേർന്നാണു ഗാനമേള അവതരിപ്പിച്ചത്.
കൊരട്ടി
കൊരട്ടി: കിൻഫ്ര വ്യവസായ പാർക്കിലെ അങ്കണത്തിൽ കൊറോണയ്ക്കെതിരെയുള്ള ബോധവത്കരണത്തിനൊപ്പം ഗാനമേളയും സംഘടിപ്പിച്ചു വേറിട്ട അനുഭവം സമ്മാനിക്കുകയാണ് കൊരട്ടി പോലീസ്.
മറ്റു ജില്ലയിൽ നിന്നും ജോലിക്കെത്തിയവർക്കും മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വന്തം കുടുംബത്തിൽ പോലും പോകാനാവാത്തതിൽ വേവലാതിയുണ്ട്. മാനസിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്താനാണ് ഇത്തരം കലാവിരുന്നൊരുക്കിയതെന്ന് എസ്എച്ച്ഒ ബി.കെ. അരുണ്‍ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർക്കു പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളും പാട്ടുകൾ പാടിയും താളംപിടിച്ചും ഗാനമേളയിൽ പങ്കാളികളായി.