കോഴിക്കോട്: ബക്രീദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾക്ക് 18, 19, 20 തീയതികളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രോട്ടോകോൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂവെന്ന് സിറ്റി പോലീസ്.
പത്തുവയസിന് താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം.
കുട്ടികളെയും മുതിർന്നപൗരന്മാരെയും കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ജില്ലയിലെ എല്ലാ ഒാഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ.വി.ജോർജ് അറിയിച്ചു.
എല്ലാ കടകളും അവയുടെ വലിപ്പത്തിനനുസരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അലകം ഉറപ്പുവരുത്താൻ മാർക്കിങ് നടത്തുകയും തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം.
കടകളിലേക്ക് ആളുകൾ കൂട്ടമായി എത്തിയാൽ നിശ്ചിത എണ്ണംആളുകളെ പ്രവേശിപ്പിച്ചശേഷം ഷട്ടർ പകുതി താഴ്ത്തി വെക്കുകയും ഉള്ളിലുള്ള ആളുകൾ പുറത്തിറങ്ങുന്ന മുറക്ക് മാത്രം ബാച്ചുകളായി മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യണം.
നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിച്ച 181 കടകൾ അടച്ചുപൂട്ടുകയും അനധികൃതമായി നഗരത്തിലെത്തിയ 136 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ജാഗ്രതയോടെ ഉപയോഗപ്പെടുത്തണം: കളക്ടർ
കോഴിക്കോട്: എ,ബി,സി മേഖലകളിൽ അനുവദിച്ച ലോക്ഡൗൺ ഇളവ് കോവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും ജാഗ്രതയോടെ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ജില്ലയിൽ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം നിലനിൽക്കുകയാണ്. ആളുകൾ കൂട്ടമായി പുറത്തിറങ്ങി ഇടപഴകുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കും. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നീ കാര്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കർശനമായും പാലിക്കണം.
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഡി കാറ്റഗറിയിൽ പെടുന്ന തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാനും മറ്റും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അറിയിച്ചു.