എരുമേലി: തലയിൽ മുറിവേറ്റ് രക്തം വാർന്ന് ബോധരഹിതനായി റോഡിൽ വീണുകിടന്നയാൾ മദ്യപിച്ച നിലയിലായതിനാൽ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ല. വിവരമറിഞ്ഞെത്തിയ പോലീസ് ജീപ്പിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച ശേഷം നടന്നുവരുന്നതിനിടെ കനകപ്പലം സ്വദേശികളായ രണ്ട് പേർ തന്നെ മർദിക്കുകയും തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ മർദനദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നറിയാൻ സിസി കാമറകൾ പോലീസ് പരിശോധിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് എരുമേലി കെഎസ്ആർടിസി ജംഗ്ഷനിലാണ് സംഭവം. പരിക്കേറ്റയാൾ ബോധം തെളിഞ്ഞപ്പോൾ തിരുവനന്തപുരം പാലോട് സ്വദേശി രാജൻ (58) എന്ന വിലാസം ആണ് നൽകിയതെന്നും നാളുകളായി എരുമേലിയിൽ ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുകയാണെന്നും പറഞ്ഞെന്ന് പോലീസ് പറഞ്ഞു.
എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സിസി കാമറകളിൽ ഇയാൾക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പോലീസിന് കണ്ടെത്താനായില്ല. അതേസമയം ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പുറത്തിറങ്ങി വരുന്നതിനിടെ റോഡിൽ ഇയാൾ വീഴുന്ന ദൃശ്യങ്ങളുണ്ട്. ഗ്രൗണ്ടിൽ കാമറകളില്ലാത്തതിനാൽ മർദനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.