ഭഗൽപുർ: ബിഹാർ പോലീസ് സേനയെ നാണംകെടുത്തിയ സംഭവം കഴിഞ്ഞദിവസം ഭഗൽപുരിലെ കച്ചഹാരി ചൗക്കിലുണ്ടായി. കോടതിയിലേക്കു കൊണ്ടുപോയ നാലു പ്രതികളെക്കൊണ്ട് ഇന്ധനം തീർന്ന പോലീസ് ജീപ്പ് തള്ളിച്ച സംഭവമാണു പോലീസിനെ വിവാദത്തിലാക്കിയത്. ഏറ്റവും അടുത്തുള്ള പെട്രോൾ പന്പിലേക്കാണു വാഹനം തള്ളിച്ചത്.
വിലങ്ങണിയിച്ചിരുന്ന പ്രതികളെ കയർകൊണ്ടു കൂട്ടിക്കെട്ടിയശേഷമാണു പോലീസുകാർ ജീപ്പ് തള്ളാൻ ആവശ്യപ്പെട്ടത്. ബന്ധനാവസ്ഥയിൽ വളരെ പ്രയാസപ്പെട്ടാണു പ്രതികൾ വാഹനം തള്ളിയത്. 500 മീറ്ററിലേറെ ഈവിധം വാഹനം തള്ളി. ഇതിന്റെ വീഡിയോ ആയിരക്കണക്കിനാളുകളാണു കണ്ടത്.
മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം ഉപയോഗിച്ചു എന്ന കേസിലാണു നാലുപേരും അറസ്റ്റിലായത്. 2016 മുതൽ ബിഹാറിൽ സന്പൂർണമദ്യനിരോധനമാണ്. പ്രതികളെക്കൊണ്ടു വാഹനം തള്ളിച്ച സംഭവത്തിൽ പോലീസിനെതിരേ വിമർശനങ്ങളും പരാതികളും ഉയർന്നതോടെ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തുമെന്ന് അറിയിച്ചിരിക്കുകയാണു ഉന്നത പോലീസ് ഉദ്യോഗസ്ഥർ.